Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അന്താരാഷ്ട്ര ശാസ്ത്രവേദിയിൽ പ്രബന്ധമവതരിപ്പിക്കാന്‍ അലിമ

text_fields
bookmark_border
ആറാം ക്ലാസ് വിദ്യാർഥിനിയായ അലിമ സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന അന്താരാഷ്ട്ര കോൺഫറൻസിൽ പ്രബന്ധമവതരിപ്പിക്കും
അന്താരാഷ്ട്ര ശാസ്ത്രവേദിയിൽ പ്രബന്ധമവതരിപ്പിക്കാന്‍ അലിമ
cancel

ലോകമെമ്പാടുമുള്ള പ്രശസ്ത ശാസ്ത്രജ്ഞരും ഗവേഷകരും പങ്കെടുക്കുന്ന അന്താരാഷ്ട്ര ശാസ്ത്രവേദിയിലേക്ക്, പ്രബന്ധമവതരിപ്പിക്കാനായി ദോഹയിൽൽ നിന്നൊരു ആറാം ക്ലാസുകാരി. എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനിയും വയനാട് മുട്ടിൽ കുട്ടമംഗലം സ്വദേശിനിയുമായ അലിമ ബിൻത് ഹാഷിർ ആണ് വിസ്മയ നേട്ടം കൈവരിച്ചത്. ജൂൺ 14 മുതൽ 18 വരെ സിംഗപ്പൂർ മാനേജ്മെന്റ് യൂണിവേഴ്സിറ്റിയിൽ നടക്കുന്ന 'ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ഇൻഡോർ എയർ ക്വാളിറ്റി ആൻഡ് ക്ലൈമറ്റ്' അന്താരാഷ്ട്ര കോൺഫറൻസിലേക്കാണ് 11 വയസ്സുള്ള ഈ കൊച്ചു മിടുക്കിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. മുതിർന്ന ഗവേഷകരും ശാസ്ത്രജ്ഞരും സമർപ്പിക്കുന്ന പ്രബന്ധങ്ങൾ നിരവധി ഘട്ടങ്ങളിലെ പരിശോധനകൾക്ക് വിധേയമാക്കിയ ശേഷമാണ് കോൺഫറൻസിലേക്ക് തിരഞ്ഞെടുക്കുന്നത്.

കഴിഞ്ഞ വർഷം സ്കൂളിൽ നടന്ന ശാസ്ത്ര പ്രദർശനത്തിൽ അലിമ അവതരിപ്പിച്ച കുറഞ്ഞ ചെലവിലുള്ള എയർ ഫിൽട്ടർ മോഡൽ വലിയ ശ്രദ്ധ നേടിയിരുന്നു. വീടുകളിലും ക്ലാസ് മുറികളിലും വായു ഗുണനിലവാരം മെച്ചപ്പെടുത്താനും, ശ്വസിക്കുന്ന വായുവിലെ മൈക്രോപ്ലാസ്റ്റിക് കണികകളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനുമായിരുന്നു അലിമ ഈ ഉപകരണം രൂപകൽപ്പന ചെയ്തത്. ടിഫിൻ ബോക്സ്, കാർ എ.സി ഫിൽട്ടർ, ചെറിയ ഡി.സി ഫാൻ എന്നിവ മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ 'സി.ആർ (കോഴ്‌സി -റോസൻതാൽ) ബോക്സ്' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടായിരുന്നു നിർമാണം.

അലിമയുടെ ഈ കൊച്ചു പരീക്ഷണം യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കോർസി -റോസൻതാൽ ഫൗണ്ടേഷൻ തങ്ങളുടെ ഔദ്യോഗിക ലിങ്ക്ഡ്‌ ഇൻ പേജിൽ പങ്കുവെച്ചതോടെയാണ് അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്. കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡീൻ പ്രഫസർ റിച്ചാർഡ് കോർസി, ടെക്സ്-എയർ ഫിൽട്ടേഴ്സ് യു.എസ്.എ സി.ഇ.ഒ ജിം റോസൻതാൽ എന്നിവരുൾപ്പെടെയുള്ള ശാസ്ത്ര പ്രമുഖർ അലിമയെ അഭിനന്ദിച്ച് രംഗത്തെത്തി.

കൊച്ചുമിടുക്കിയിലെ പ്രതിഭയെ തിരിച്ചറിഞ്ഞ അന്താരാഷ്ട്ര ഗവേഷകർ അലിമയുടെ പ്രോജക്റ്റിനെ ഒരു ശാസ്ത്രീയ റിസർച്ച് പേപ്പറായി വികസിപ്പിക്കാൻ മുന്നോട്ടുവരികയായിരുന്നു. അയർലന്റിലെ യൂണിവേഴ്സിറ്റി കോളജ് കോർക്കിലെ റിസർച്ച് ഫെലോ ഡോ. അസിത് കുമാർ മിശ്ര, ഖത്തർ യൂണിവേഴ്സിറ്റിയിലെ മൈക്രോപ്ലാസ്റ്റിക്സ് ഗവേഷകൻ ഡോ. വീരസിംഗം സുബ്രമണ്യൻ എന്നിവരുടെ നേരിട്ടുള്ള മാർഗനിർദേശത്തിലാണ് അലിമ തന്റെ ഗവേഷണ പ്രബന്ധം പൂർത്തിയാക്കിയത്.

കോൺഫറൻസിൽ പങ്കെടുക്കുന്നതിനായി ഡെന്മാർക്ക് ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ പവൽ വാർഗോക്കിയുടെ നേതൃത്വത്തിൽ അലിമയ്ക്ക് ട്രാവൽ ഗ്രാന്റ് ലഭ്യമാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇത് യാഥാർഥ്യമാകുന്നതോടെ ജൂൺ 13ന് അലിമ സിംഗപ്പൂരിലേക്ക് തിരിക്കും. ഖത്തർ യൂണിവേഴ്സിറ്റിയിലെ ഗവേഷകനും റിസർച്ച് അസിസ്റ്റന്റുമായ പി.കെ. ഹാഷിർ - മുഹ്‌സിന ദമ്പതികളുടെ മൂത്ത മകളാണ് അലിമ. നഫീസ, സെയ്‌നബ്, ഖദീജ എന്നിവർ സഹോദരിമാരാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Alima to present a paper at an international science forum
Next Story