അൽ വജ്ബ ഈസ്റ്റ് റോഡ് നവീകരണ പ്രവൃത്തി പൂർത്തിയായി
text_fieldsഅൽ വജ്ബ ഈസ്റ്റ് റോഡ്
ദോഹ: അൽ വജ്ബ ഈസ്റ്റ് റോഡിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ മൂന്നാം ഘട്ടം പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ പൂർത്തിയാക്കി. റോഡ് നവീകരണ പദ്ധതിയിലൂടെ പ്രദേശത്തെ 417 പ്ലോട്ടുകൾക്ക് പ്രയോജനകരമാകും. ഗതാഗത സംവിധാനം വികസിപ്പിച്ചും സുരക്ഷ സംവിധാനങ്ങൾ ഒരുക്കിയും അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കിയും താമസക്കാരുടെ ജീവിത നിലവാരം ഉയർത്തുന്നതിനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.മൂന്നാംഘട്ട പാക്കേജ് പൂർത്തിയാക്കിയതോടെ പ്രദേശത്തെ താമസക്കാരുടെ ആവശ്യങ്ങൾ നിറവേറ്റുന്ന തരത്തിൽ 17 കിലോമീറ്റർ നീളമുള്ള മികച്ച ഗതാഗത സംവിധാനം ഒരുക്കിയതായി എൻജിനീയർ ഹമദ് അൽ മെജാബ പറഞ്ഞു.
ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം അൽ വജ്ബ ഹെൽത്ത് സെന്റർ, നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വാണിജ്യ സ്ഥാപനങ്ങൾ, മസ്ജിദുകൾ എന്നിവയിലേക്ക് ഈ റോഡിലൂടെ എത്താം. തെരുവ് വിളക്കുകൾ ഉൾപ്പെടെ നിരവധി സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയാണ് റോഡ് നവീകരിച്ചത്. 854 തെരുവ് വിളക്കുകൾക്കുപുറമെ, ദിശാസൂചന ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. 3,180 പാർക്കിങ് സ്ഥലങ്ങൾ നിർമിക്കുകയും കാൽനടക്കാർക്കും സൈക്കിൾ യാത്രക്കാർക്കും വേണ്ടി പ്രത്യേക പാതകളും ഒരുക്കിയിട്ടുണ്ട്. 12 കിലോമീറ്റർ നീളത്തിൽ മലിനജല ഡ്രെയിനേജും, 15.7 കിലോമീറ്റർ നീളത്തിൽ ഉപരിതല, ഭൂഗർഭ, മഴവെള്ള ഡ്രെയിനേജും ഉൾപ്പെടുന്നു. പ്രദേശത്തെ പൗരന്മാർക്ക് പ്രയോജനകരമാകുന്ന രീതിയിൽ റോഡ് ശൃംഖലയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

