അൽ വഅബിൽ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതി
text_fieldsഅൽ വഅബ് മേഖലയിലെ റോഡ് വികസന പ്രവർത്തനങ്ങളുടെ മാതൃക
ദോഹ: അൽ വഅബ് പ്രദേശത്ത് റോഡ്, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പൊതു മരാമത്ത് വിഭാഗമായ അഷ്ഗാൽ. ഭാവിയിൽ നഗര വളർച്ചക്കുള്ള ആവശ്യകതകൾ നിറവേറ്റുന്നതോടൊപ്പം പ്രദേശത്തെ ആഭ്യന്തര റോഡുകൾ വികസിപ്പിക്കുക, സുരക്ഷാ നിലവാരം ഉയർത്തുക, നിലവിലെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നതിന് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക, താമസക്കാർക്ക് അത്യാധുനിക സേവന, സൗകര്യങ്ങൾ ലഭ്യമാക്കുക എന്നിവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
സൽവ റോഡിന് വടക്കും അൽ ഗരിയ്യ സ്ട്രീറ്റിന് തെക്ക് ഭാഗത്തുമായി അൽ വഅ്ബ് പ്രദേശത്ത് റസിഡൻഷ്യൽ, വാണിജ്യ ഭാഗത്താണ് പദ്ധതി നടപ്പാക്കുന്നത്. പ്രദേശത്തെ റോഡ് ഉപയോക്താക്കളുടെ അസൗകര്യം കണക്കിലെടുത്ത് പ്രദേശത്തെ നാല് ഭൂമിശാസ്ത്ര മേഖലകളായി തരംതിരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലുള്ള 50ഓളം പ്ലോട്ടുകൾക്ക് പുതിയ പദ്ധതി ഉപകാരപ്പെടും. ഭാവിയിലെ ജനസംഖ്യാ വളർച്ചക്കും പ്രദേശത്ത് വരാനിരിക്കുന്ന വാണിജ്യ പദ്ധതികൾക്കും പുതിയ വികസനം വലിയ പ്രയോജനം ചെയ്യും. മലിനജലം, ഉപരിതല ജലം, മഴവെള്ളം ഒഴുകുന്നതിനുള്ള ഡ്രെയിനേജ് ശൃംഖലകൾ ഉൾപ്പെടുന്ന സംയോജിതവും നൂതനവുമായ അടിസ്ഥാന സൗകര്യ സേവനങ്ങളും പദ്ധതി വാഗ്ദാനം ചെയ്യുന്നു.
പദ്ധതിക്ക് കീഴിൽ 1.7 കിലോമീറ്റർ പ്രാദേശിക റോഡുകൾ നവീകരിക്കുകയും നിർമിക്കുകയും ചെയ്യും. കൂടാതെ 57 തെരുവ് വിളക്കുകൾ, ദിശാസൂചനകൾ, റോഡിലെ അടയാളങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗതാഗത സുരക്ഷാ ഘടകങ്ങളും പദ്ധതിയിലുൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം 3.5 കിലോമീറ്റർ നീളത്തിൽ കാൽനടപ്പാതയും 350 കാർ പാർക്കിങ് സ്ലോട്ടുകളും നിർമിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

