റമദാനിൽ കളിയും സജീവം
text_fieldsദോഹ: ആത്മവിശുദ്ധിയുടെ റമദാനിൽ വ്രതത്തിനൊപ്പം കളികളും ഒരുങ്ങുന്നു. ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ (ക്യു.എസ്.എഫ്.എ) ആണ് അൽ തുമാമ റമദാൻ ഫുട്ബാൾ ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്. മാർച്ച് 11ന് ആരംഭിക്കുന്ന ഫുട്ബാൾ ടൂർണമെന്റിലേക്ക് രജിസ്ട്രേഷൻ നടപടികളും ആരംഭിച്ചു. 10നും 14നും ഇടയിൽ പ്രായമുള്ള കളിക്കാർക്കാണ് പ്രവേശനം നൽകുക. രാജ്യത്തെ ഫുട്ബാൾ പ്രതിഭകളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായാണ് റമദാനിലെ രാത്രികളെ സജീവമാക്കുന്ന ഫുട്ബാൾ മേള സംഘാടകർ സംഘടിപ്പിക്കുന്നത്. ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ താൽപര്യമുള്ള ടീമുകൾ മത്സരത്തിന്റെ നിബന്ധനകളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് ക്യു.എഫ്.എസ്.എ ആപ് വഴിയാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്.
12 കളിക്കാർ എന്ന നിലയിൽ ഓരോ ടീമായി ടൂർണമെന്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓരോ ടീമിലും രണ്ട് ഖത്തരികളെങ്കിലും ഉണ്ടായിരിക്കണം. കുറഞ്ഞത് ഒമ്പതുപേർ ഭാഗമാകണം. ഒമ്പത് താരങ്ങളായിരിക്കും മത്സരിക്കാനിറങ്ങുക. ഗ്രൗണ്ടിലിറങ്ങുന്ന താരങ്ങളിലൊരാൾ ഖത്തരിയായിരിക്കണം. ഖത്തർ ഫുട്ബാൾ അസോസിയേഷൻ ലിസ്റ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു താരത്തെ മാത്രമേ ടീമിൽ ഉൾപ്പെടുത്താൻ അനുദവിക്കൂ. 15 മിനിറ്റ് വീതമുള്ള രണ്ട് പകുതികളിലായി 30 മിനിറ്റായിരിക്കും മത്സരം. അഞ്ച് മിനിറ്റ് ഇടവേള അനുവദിക്കും. മത്സരങ്ങളുടെ രീതി (ഗ്രൂപ്-നോക്കൗട്ട്) പിന്നീട് തീരുമാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

