ഖത്തറിന്റെ ജേതാക്കളായി അൽ സദ്ദ്
text_fieldsഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കളായ അൽ സദ്ദ് ടീം ട്രോഫിയുമായി
ദോഹ: ലീഗ് സീസണിലെ അവസാന മത്സരത്തിൽ അൽ അഹ്ലിയെ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തരിപ്പണമാക്കിക്കൊണ്ട് അൽ സദ്ദിന് ഖത്തർ സ്റ്റാർസ് ലീഗിൽ കിരീടമുത്തം.
ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടന്ന ലീഗ് സീസണിന്റെ കൊട്ടിക്കലാശത്തിൽ എതിരാളികൾക്ക് ഒരിക്കൽപോലും അവസരം നൽകാതെയായിരുന്നു അൽ സദ്ദ് കിരീടത്തിലേക്ക് മാർച്ച് ചെയ്തത്. തുടർച്ചയായി രണ്ടാം തവണ ഖത്തർ സ്റ്റാർസ് ലീഗ് കിരീടമണിയുന്ന അൽ സദ്ദിന്റെ ഷെൽഫിലേക്ക് എത്തുന്ന 18ാമത്തെ ലീഗ് കിരീടം കൂടിയാണിത്.
അവസാന മത്സരത്തിൽ കളിയുടെ 13ാം മിനിറ്റിൽ നായകൻ അക്രം അഫീസ് ഗോൾ വേട്ടക്ക് തുടക്കംകുറിച്ചു. മുസ്തഫ താരിക് മിഷാൽ, പൗല ഒറ്റാവിയോ, റഫ മുയ, ക്ലൗഡിന്യോ എന്നിവരായിരുന്നു സദ്ദിനായി ഗോൾ നേടിയത്. 22 മത്സരങ്ങളിൽനിന്ന് അൽ സദ്ദ് 52 പോയന്റ് നേടിയാണ് പട്ടികയിൽ ഒന്നാം സ്ഥാനം ഉറപ്പിച്ചത്. നേരത്തേ ലീഡ് പിടിച്ച അൽ ദുഹൈലിന് ഏപ്രിൽ ആദ്യ വാരത്തിൽ അൽ ഷമാലിനെതിരായ തോൽവിയാണ് തിരിച്ചടിയായത്. ഈ അവസരം മുതലെടുത്ത അൽ സദ്ദ് ലീഡ് നിലയിൽ മുന്നേറുകയും, തുടർ ജയങ്ങളുമായി കിരീടം പിടിക്കുകയും ചെയ്തു.
രണ്ടാം സ്ഥാനത്തുള്ള ദുഹൈലിന് 22 കളിയിൽ 50 പോയന്റാണുള്ളത്. ലീഗ് പോയന്റ് ടേബിളിലെ ആദ്യസ്ഥാനക്കാരായ അൽ സദ്ദ്, അൽ ദുഹൈൽ, അൽ ഗറാഫ ടീമുകൾ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് തലത്തിലേക്ക് യോഗ്യത നേടും.
നാലാം സ്ഥാനക്കാരായ അൽ അഹ്ലി ചാമ്പ്യൻസ് ലീഗ് ടു യോഗ്യതാ റൗണ്ടിലും മത്സരിക്കും. അൽ റയ്യാനിന്റെ റോജർ ഗ്യൂഡസ് 21 ഗോളുമായി സീസണിലെ ടോപ് സ്കോറർ ആയപ്പോൾ, 18 ഗോളുകളുമായി അക്രം അഫീഫും അൽ ഷമാലിന്റെ ബഗ്ദാദ് ബനുജയും രണ്ടാമതായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

