ടീം ശക്തമാക്കി അൽ സദ്ദ്; ഉറുഗ്വേൻ താരം ആഗസ്റ്റിൻ സോറിയയെ ടീമിലെത്തിച്ചു
text_fieldsമൈക്കിൾ ബെയ്ഡൂ, ആഗസ്റ്റിൻ സോറിയ
ദോഹ: ഖത്തർ താരം ഹസൻ അൽ ഹൈദോസിന്റെ കരാർ പുതുക്കിയതിന് പിന്നാലെ മറ്റൊരു സൂപ്പർ താരത്തെക്കൂടി ടീമിലെത്തിച്ചിരിക്കുകയാണ് അൽ സദ്ദ് ക്ലബ്. ഉറുഗ്വേ താരം ആഗസ്റ്റിൻ സോറിയയെയാണ് അൽ സദ്ദ് സ്പോർട്സ് ക്ലബ് ടീമിലെത്തിച്ചിരിക്കുന്നത്. അൽ സദ്ദുമായി താരം 2030 വരെയുള്ള കരാറിനാണ് ഒപ്പുവെച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഖത്തർ സ്റ്റാർസ് ലീഗ് സീസണിന് മുന്നോടിയായി ടീമിനെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് 20കാരനായ സോറിയയുമായി അൽ സദ്ദ് കരാറിലേർപ്പെട്ടത്. മധ്യനിരതാരമായ സോറിയ പ്രതിരോധത്തിലും മികച്ചരീതിയിൽ കളിക്കുന്ന താരമാണ്. അടുത്തിടെ ടീം ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസ്, അക്രം അഫീഫ്, ബ്രസീലിയൻ താരം ഗുൽഹെർമി ടോറസ്, പെഡ്രോ മിഗ്വേൽ, അഹമ്മദ് സുഹൈൽ എന്നിവരുടെ കരാറുകൾ അൽ സദ്ദ് പുതുക്കിയിരുന്നു.
കഴിഞ്ഞ സീസണിൽ 52 പോയന്റുമായി ഖത്തർ സ്റ്റാർസ് ലീഗ് കിരീടം അൽ സദ്ദ് നേടിയിരുന്നു. എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ എത്തിയെങ്കിലും ജപ്പാനിന്റെ കാവാസാക്കി ഫ്രണ്ടെലിനോട് 3-2ന് തോറ്റ് പുറത്താകുകയായിരുന്നു.അതേസമയം, ഘാന താരം മൈക്കിൾ ബൈഡുവിനെ സ്വന്തമാക്കി ലീഗിലെ മറ്റൊരു ടീമായ ഉംസലാൽ സ്പോർട്സ് ക്ലബ്. താരവുമായി 2028 വരെ മൂന്നുവർഷത്തെ കരാർ ഒപ്പുവെച്ചതായി ക്ലബ് അറിയിച്ചു. പ്രീ-സീസൺ മത്സരങ്ങൾക്ക് മുമ്പായി താരം ടീമിൽ ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഖത്തർ സ്റ്റാർസ് ലീഗിലെ സ്ഥാനം നിലനിർത്തിയതിനുശേഷം പുതിയ സീസണിൽ മികച്ച പ്രകടനം ഉറപ്പാക്കാൻ ടീമിനെ ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഉം സലാൽ ക്ലബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

