അൽ സദ്ദ് സ്റ്റാർസ് ലീഗ് ജേതാക്കൾ
text_fieldsഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കളായ അൽ സദ്ദ് ടീം അംഗങ്ങൾ ട്രോഫിയുമായി
ദോഹ: സീസൺ കൊടിയിറങ്ങാൻ ഒരു മത്സരം ബാക്കി നിൽക്കെ ഖത്തർ സ്റ്റാർസ് ലീഗ് കിരീടം ചൂടി ചാമ്പ്യൻ ക്ലബായ അൽ സദ്ദ്. ബുധനാഴ്ച രാത്രി നടന്ന ലീഗിലെ 21ാമത്തെ മത്സരത്തിൽ അൽ ഷമാലിനെ മറുപടിയില്ലാത്ത നാല് ഗോളിന് തകർത്തുകൊണ്ടാണ് സീസണിലെ കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ അൽ ദുഹൈൽ എസ്.സിക്ക് മുന്നിൽ അടിയറവു വെച്ച ചാമ്പ്യൻപട്ടം ഇത്തവണ വിജയത്തുടർച്ചയോടെ അക്രം അഫീഫും ഹസൻ അൽ ഹൈദോസും സംഘവും പോക്കറ്റിലാക്കി. 2021, 22 സീസണുകളിൽ ലീഗ് ജേതാക്കളായ അൽ സദ്ദ്, കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ, ഇത്തവണ 21 മത്സരങ്ങളിൽ 15 ജയവും നാല് സമനിലയും രണ്ട് തോൽവിയുമായി ഇതിനകം 49 പോയന്റ് നേടി. ലീഗ് ജേതാക്കളെന്ന നിലയിൽ അൽ സദ്ദിന് എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റ് സ്റ്റേജിൽ പന്തുതട്ടാം. രണ്ടാം സ്ഥാനത്തുള്ള അൽ റയാന് 44 പോയന്റാണുള്ളത്. അൽ ഗറാഫ (44പോയന്റ്), അൽ വക്റ (38), എന്നിവർക്കു പിന്നിലാണ് കഴിഞ്ഞ സീസൺ ജേതാക്കളായ അൽ ദുഹൈലിന്റെ (28) സ്ഥാനം. സീസണിലെ അവസാന മത്സരത്തിൽ ഞായറാഴ്ച അൽ സദ്ദും അൽ റയാനും ഏറ്റുമുട്ടും. ഷമാലിനെതിരെ ഹസൻ അൽ ഹൈദോസ്, അക്രം അഫീഫ്, ഗോൺസാലോ പ്ലാറ്റ, പൗളോ റോസ എന്നിവർ സ്കോർ ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

