അത്ഭുതങ്ങളൊരുക്കി അൽ മഹാ ദ്വീപ് ഒരുങ്ങുന്നു
text_fieldsഅൽ മഹ ദ്വീപ്
ദോഹ: ഖത്തറിന്റെ വിനോദസഞ്ചാര മേഖലക്ക് പുതിയ മുഖം നൽകിക്കൊണ്ട് വിനോദകേന്ദ്രമായ അൽ മഹാ ദ്വീപ്. ലുസൈലിലെ പ്ലേസ് വെൻഡം മാളിനടുത്ത് സ്ഥിതി ചെയ്യുന്ന ദ്വീപിൽ പ്രതിവർഷം 15 ലക്ഷത്തിലധികം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. ഒരു കോസ്വേ വഴിയാണ് ദ്വീപിനെ പ്രധാന ഭൂപ്രദേശവുമായി ബന്ധിപ്പിച്ചിരിക്കുന്നത്.
ഖത്തർ ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് ഐ.എച്ച്.ജി (ഇൻവെസ്റ്റ്മെൻറ് ഹോൾഡിങ് ഗ്രൂപ്) അനുബന്ധ സ്ഥാപനമായ എലഗൻസിയ, ഐ.എം.ജി എന്നിവരടങ്ങുന്ന കൺസോർട്ട്യമാണ് ലോകോത്തര പദ്ധതിയുടെ മുന്നിലുള്ളത്.
ദോഹ വിൻറർ വണ്ടർലാൻഡാണ് അൽ മഹാ ദ്വീപിലെ മുഖ്യ ആകർഷണം. 93,000 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള തീം പാർക്ക് എല്ലാ വർഷവും നവംബർ മുതൽ മാർച്ച് വരെ പ്രവർത്തിക്കും. ഈ വർഷം നടക്കുന്ന ലോകകപ്പിന് മുമ്പായി പദ്ധതി പൂർത്തിയാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു.
395 റോളർ സ്കേറ്റർ ഉൾപ്പെടെ 10 ത്രിൽ റൈഡുകൾ, 150 അടി ഉയരമുള്ള ഫെറീസ് വീൽ ഉൾപ്പെടെ 25 ഫാമിലി റൈഡുകൾ, കുട്ടികൾക്കായുള്ള 15 ചിൽഡ്രൻസ് റൈഡുകൾ എന്നിങ്ങനെ 50 റൈഡുകൾ ഇവിടെയുണ്ടാകും. സാഹസിക റൈഡുകൾ ഇഷ്ടപ്പെടുന്നവർക്കായി സ്പേസ് ഗൺ, ഡ്രോപ് എൻ ട്വിസ്റ്റ് ടവർ, വെർട്ടിക്കിൾ സ്വിങ് എന്നിവ വണ്ടർലാൻഡിൽ സ്ഥാപിക്കുന്നുണ്ട്.
കുടുംബങ്ങൾക്ക് വേണ്ടി ബംപർ കാർ, മിനി ഡിസ്കോ, ദി ഗലിയോൺ എന്നിവയും സജ്ജമാക്കും.കുട്ടികളെ ആവേശം കൊള്ളിക്കുന്ന പോണി അഡ്വഞ്ചർ, എയർ ബലൂൺ, സർക്കസ് സ്വിങ് എന്നിങ്ങനെയുള്ള റൈഡുകളും അൽ മഹാ ദ്വീപിലെ വിൻറർ വണ്ടർ ലാൻഡിൽ ഉൾപ്പെടുത്തും. ദ്വീപിന്റെ മറ്റൊരു സവിശേഷതയാണ് നാമോസ് ബീച്ച് ക്ലബ്.
ലോകത്തിലെ ഏറ്റവും മികച്ച എലൈറ്റ് ബീച്ച് ക്ലബുകളിലൊന്നായിരിക്കും നാമോസ്. ഗ്രീക്ക് പാർട്ടി ഐലൻഡിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള ആധുനിക വാസ്തുചാരുതയോടെയുള്ള നിർമിതിയാണ് ബീച്ച് ക്ലബിന്റെ പ്രധാന പ്രത്യേകത. പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നതോടെ സന്ദർശകരുടെ ഏറ്റവും പുതിയ ഡെസ്റ്റിനേഷനുകളിലൊന്നായി നാമോസ് മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അന്താരാഷ്ട്ര തലത്തിൽ പേരെടുത്ത ആറ് റസ്റ്റാറൻറുകൾ ഉൾപ്പെടുത്തിയുള്ള ഹൈ എൻഡ് ഡിസ്ട്രിക്ടും ഇവിടെ വരുന്നുണ്ട്. സുമ, എൽ.പി.എം, എം. ഷെരീഫ്, ബില്ല്യനയർ, ദോക്യ, ജ്വാല എന്നിവയാണവ.
അന്താരാഷ്ട്ര സംഗീതമേളകൾക്ക് വേദിയൊരുക്കാൻ വിധത്തിൽ 7000 ആളുകളെ ഉൾക്കൊള്ളുന്ന കൺസേർട്ട് വേദിയും അൽ മഹായിൽ സജ്ജമാക്കുന്നുണ്ട്.