അൽ-ഖോർ റോഡ് വികസനം; അശ്ഗാൽ പദ്ധതിയുടെ ഒന്നാം ഘട്ടം പൂർത്തിയായി
text_fieldsഅശ്ഗാൽ പദ്ധതിയുടെ ഭാഗമായി നിർമാണം പൂർത്തിയായ റോഡ്
ദോഹ: ഖത്തറിലെ വടക്കൻ മേഖലകളായ അൽ-എഗ്ദ, അൽ-ഖോർ, അൽ-ഹീദാൻ എന്നിവിടങ്ങളിലെ റോഡ്, അടിസ്ഥാന സൗകര്യ വികസന പദ്ധതിയുടെ ഒന്നാം പാക്കേജ് വിജയകരമായി പൂർത്തിയാക്കിയതായി പൊതുമരാമത്ത് അതോറിറ്റി (അശ്ഗാൽ) അറിയിച്ചു.
അൽ-ബൈത്ത് സ്റ്റേഡിയത്തിന് പടിഞ്ഞാറ് വശത്തായി സ്ഥിതി ചെയ്യുന്ന പുതിയ താമസമേഖലകളിലെ പൗരന്മാർക്ക് ആവശ്യമായ ആധുനിക സൗകര്യങ്ങൾ ഉറപ്പാക്കുന്നതാണ് ഈ പദ്ധതി. ഭാവിയിലെ നഗരവത്കരണം കൂടി കണക്കിലെടുത്താണ് ഈ വിപുലമായ നിർമാണ പ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.
ജനവാസ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പുതിയ പ്ലോട്ടുകൾ വീട് നിർമാണത്തിന് സജ്ജമാക്കുന്നതിനുമുള്ള രാജ്യത്തിന്റെ സമഗ്രമായ പദ്ധതിയുടെ ഭാഗമാണിതെന്ന് അശ്ഗാൽ നോർത്തേൺ ഏരിയ വിഭാഗം എൻജിനീയർ തമാദർ അൽമാസ് പറഞ്ഞു. 19 കിലോമീറ്റർ ദൈർഘ്യമുള്ള ആധുനിക റോഡ് ശൃംഖലയാണ് ഈ പാക്കേജിലൂടെ യാഥാർഥ്യമായത്.
ഇതിനൊപ്പം തെരുവു വിളക്കുകൾ, ട്രാഫിക് സൈൻ ബോർഡുകൾ, മറ്റ സുരക്ഷാ സംവിധാനങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ജലസേചന-ശുചീകരണ മേഖലകളിലും വലിയ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. 24 കിലോമീറ്റർ ദൈർഘ്യമുള്ള മലിനജല ശൃംഖല, 33 കിലോമീറ്റർ ഭൂഗർഭ ജലനിസ്സാമീകരണ ശൃംഖല, 20 കിലോമീറ്റർ കുടിവെള്ള വിതരണ ശൃംഖല എന്നിവ പദ്ധതിയുടെ ഭാഗമായി നിർമിച്ചു. കൂടാതെ, മഴക്കാലത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി 44,000 ക്യുബിക് മീറ്റർ ശേഷിയുള്ള അത്യാധുനിക മഴവെള്ള സംഭരണ ടാങ്കും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്.
പ്രാദേശിക നിർമാതാക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പദ്ധതിക്ക് ആവശ്യമായ 70 ശതമാനം സാമഗ്രികളും ഖത്തറിൽനിന്നു തന്നെയുള്ളവയാണ് ഉപയോഗിച്ചത്. വൈദ്യുതി കേബിളുകൾ, ലൈറ്റ് പോസ്റ്റുകൾ, ഡ്രെയിനേജ് പൈപ്പുകൾ തുടങ്ങി ഒട്ടുമിക്ക ഉൽപന്നങ്ങളും തദ്ദേശീയമായി നിർമിച്ചവയാണ്. അശ്ഗാലിന്റെ 2017-ലെ 'ക്വാളിഫിക്കേഷൻ ഇനിഷ്യേറ്റിവ്' പ്രകാരം പ്രാദേശിക വ്യവസായങ്ങളെ പിന്തുണക്കുന്നതിന്റെ മികച്ച ഉദാഹരണമായി ഈ പദ്ധതി മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

