ഭിന്നശേഷി കുട്ടികൾക്ക് പുനരധിവാസവും വിദ്യാഭ്യാസവും അൽ ജിവാൻ കിന്റർഗാർട്ടൻ ഫോർ ഏർലി ഇന്റർവെൻഷൻ ആരംഭിച്ചു
text_fieldsഅൽ ജിവാൻ കിന്റർഗാർട്ടൻ ഫോർ ഏർലി ഇന്റർവെൻഷൻ സെന്ററിന്റെ ഉദ്ഘാടന ചടങ്ങിൽനിന്ന്
ദോഹ: പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്ക് പുനരധിവാസവും വിദ്യാഭ്യാസവും ഒരുമിച്ച് നൽകുന്നതിനായി വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയവും ഹമദ് മെഡിക്കൽ കോർപറേഷനും സംയുക്തമായി അൽ ജിവാൻ കിന്റർഗാർട്ടൻ ഫോർ ഏർലി ഇന്റർവെൻഷൻ തുറന്നുനൽകി. വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് ബിൻ മുഹമ്മദ് അൽ ഖാതിർ, സാമൂഹിക വികസന -കുടുംബകാര്യ മന്ത്രി ബുഥൈന ബിൻത് അലി അൽ ജബിർ അൽ നുഐമി, സിവിൽ സർവിസ് -സർക്കാർ വികസന ബ്യൂറോ പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ, എച്ച്.എം.സി. മാനേജിങ് ഡയറക്ടർ മുഹമ്മദ് ബിൻ ഖലീഫ ബിൻ മുഹമ്മദ് അൽ സുവൈദി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഓരോ കുട്ടിക്കും വിദ്യാഭ്യാസം, പരിചരണം എന്നിവ ഉറപ്പാക്കാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ പ്രഖ്യാപനമാണ് പുതിയ കിന്റർഗാർട്ടൻ എന്നും പ്രത്യേകിച്ചും ഭിന്നശേഷിക്കാരായ കുട്ടികളുടെ കാര്യത്തിൽ ഇത് വളരെ പ്രധാനമാണെന്നും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിദ്യാഭ്യാസം എന്നത് വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കുപോലും നിഷേധിക്കപ്പെടാത്ത അടിസ്ഥാന അവകാശമാണ്. വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും പരസ്പരം പൂരകങ്ങളാണെന്നും വിദ്യാർഥികളെ സേവിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ഭിന്നശേഷിക്കാരായ കുട്ടികളോടുള്ള മന്ത്രാലയത്തിന്റെ ഉത്തരവാദിത്തം കേവലം സ്കൂളിൽ ഒരു സീറ്റ് നൽകുന്നതിൽ ഒതുങ്ങുന്നില്ല, മറിച്ച് അവരെ ശാക്തീകരിക്കുക, ചെറുപ്പം മുതൽ അവരെ സമൂഹത്തിൽ ലയിക്കാൻ സഹായിക്കുക എന്നിവയെല്ലാം ഉൾപ്പെടുന്നതാണ്. ഇതിലൂടെ കൂടുതൽ നീതിയും തുല്യതയുമുള്ള ഒരു ഭാവി കെട്ടിപ്പടുക്കാനാണ് മന്ത്രാലയം ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച എച്ച്.എം.സിയിലെയും വിദ്യാഭ്യാസ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു.
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കാനും വളർച്ചക്കും സർഗാത്മകതക്കും അവസരങ്ങൾ നൽകാനും മന്ത്രാലയം ‘മസാരി സ്പെഷൽ’ എന്ന വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. അൽ ജിവാൻ കിന്റർഗാർട്ടൻ ഈ പദ്ധതിക്ക് മുതൽക്കൂട്ടാണെന്നും, ഖത്തർ ഫൗണ്ടേഷനുമായി സഹകരിച്ച് തുടങ്ങിയ വാരിഫ് അക്കാദമിപോലുള്ള സംരംഭങ്ങളുടെ തുടർച്ചയാണിതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. അൽ ജിവാൻ കിന്റർഗാർട്ടൻ മാതൃകയാകുമെന്നും സമാനമായ സംരംഭങ്ങൾ ഖത്തറിലുടനീളം വ്യാപിച്ച് കൂടുതൽ കുട്ടികൾക്ക് പ്രയോജനപ്പെടുമെന്നും മന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.അൽ ജിവാൻ കിന്റർഗാർട്ടനിലെ 3-4 വയസ്സുള്ള കുട്ടികളെ അവരുടെ കഴിവുകൾ വികസിപ്പിക്കാനും, 4-5 വയസ്സുള്ള കുട്ടികളെ സാമൂഹിക -ഭാഷാപരവുമായ കഴിവുകൾക്ക് ഊന്നൽ നൽകാനും ശ്രദ്ധിക്കുന്നു. കൂടാതെ, ഭാവിയിലേക്ക് കുട്ടികളെ ഒരുക്കുന്നതിനായി പ്രത്യേക ക്ലാസുകളും ഒരുക്കിയിട്ടുണ്ട്.
ബൗദ്ധിക വൈകല്യങ്ങളുള്ള വിദ്യാർഥികൾക്ക് ഏർലി ഇന്റർവെൻഷൻ സേവനങ്ങൾ നൽകുന്നതാണ് അൽ ജിവാൻ കിന്റർഗാർട്ടന്റെ പ്രത്യേകത. കൂടാതെ, കോക്ലിയർ ഇംപ്ലാന്റ് സ്വീകരിച്ച കുട്ടികൾക്കായി ആരോഗ്യ വിദഗ്ദ്ധരുടെ നേതൃത്വത്തിൽ പ്രത്യേക സേവനങ്ങളും നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

