ആകാശപ്പറവകളായി ഫാൽക്കണുകൾ
text_fields1.അൽ ഗന്നാസ് അസോസിയേഷൻ അസർബൈജാനിൽ വെച്ച് ഫാൽക്കൺ പക്ഷികളെ പറത്തുന്നു 2.അൽ ഗന്നാസ് അസോസിയേഷൻ പ്രസിഡന്റ് അലി ബിൻ ഖാതിം അൽ മിഹ്ഷാദി
അസർബൈജാൻ മന്ത്രി മുക്താർ ബാബയേവിനൊപ്പം
ദോഹ: ഖത്തരികൾ ഉൾപ്പെടെ അറബികളുടെ ഫാൽക്കൺ പ്രേമം ഏറെ പ്രശസ്തമാണ്. കോടികൾ മുടക്കി വാങ്ങുന്ന ഫാൽക്കണുകളും, അവക്കുള്ള പരിശീലനവും, ചികിത്സയും പരിചരണവും, മരുഭൂമിയിലെ വേട്ടക്കായി ഉപയോഗിക്കുന്നതുമെല്ലാം അറബികളുടെ പാരമ്പര്യത്തോളം തന്നെ പഴക്കമുള്ള കഥകളാണ്. പ്രകൃതിയിൽ ഫാൽക്കൺ പക്ഷികളുടെ സംരക്ഷണത്തിനും ഇവർ നൽകുന്ന പ്രാധാന്യം ശ്രദ്ധേയമാണ്.
അത്തരത്തിൽ ഒന്നാണ് ഇവയുടെ പ്രജനന സീസൺ മനസ്സിലാക്കി ഫാൽക്കൺ പക്ഷികളെ ആകാശത്തേക്ക് പറത്തിവിടുക എന്നത്. ഖത്തറിലെ ഫാൽക്കൺ വേട്ടപ്പക്ഷി ഉടമകളുടെ കൂട്ടായ്മയായ അൽ ഗന്നാസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പക്ഷികളെ പ്രകൃതിയിലേക്ക് തിരികെ വിടുന്നത്. ഇത്തവണ അസർബൈജാനിലെത്തിയാണ് 55 ഫാൽക്കൺ പക്ഷികളെ ആകാശത്തേക്ക് സ്വതന്ത്രമാക്കിയത്. എല്ലാ വർഷങ്ങളിലും നടക്കുന്ന കാമ്പയിനിന്റെ ആറാമത് പതിപ്പിനായിരുന്നു അസർബൈജാൻ വേദിയായത്.
പ്രജനന സീസണിന് മുന്നോടിയായി ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നും പറന്നെത്തുന്ന ഫാൽക്കണുകൾ സന്ധിക്കുന്ന കേന്ദ്രം എന്ന പ്രത്യേകത കൂടി അസർബൈജാനുണ്ട്. ഇവിടെ സന്ധിച്ച ശേഷമാവും, ഫാൽക്കണുകൾ തങ്ങളുടെ യഥാർഥ ആവാസ സ്ഥലങ്ങളിലേക്കും പ്രജനനത്തിനായും മടങ്ങുന്നത്.
അതുകൊണ്ടാണ് അസർബൈജാനിലെ ഭൂപ്രദേശങ്ങളിലേക്ക് ഫാൽക്കൺ പക്ഷികളെ കൂട്ടത്തോടെ പറത്തിവിടാൻ തീരുമാനിച്ചതെന്ന് അൽ ഗന്നാസ് അസോസിയേഷൻ പ്രസിഡന്റ് അലി ബിൻ ഖാതിം അൽ മിഹ്ഷാദി പറഞ്ഞു. ഫാൽക്കൺ പക്ഷികളുടെ പ്രകൃതിയിലെ സ്വാഭാവിക ജീവിതം സംരക്ഷിക്കുന്നതിന്റെയും, ജൈവവൈവിധ്യവും പരിസ്ഥിതി സന്തുലിതാവസ്ഥയും സൂക്ഷിക്കുന്നതിന്റെയും ഭാഗം കൂടിയാണ് ഈ കാമ്പയിനെന്ന് അദ്ദേഹം പറഞ്ഞു.
പറത്തിവിട്ടവയിൽ ആറ് ഫാൽക്കണുകളിൽ ഉയർന്ന ശേഷിയുള്ള സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണവും ഘടിപ്പിച്ചിട്ടുണ്ട്. ഇവയുടെ സഞ്ചാരപഥം മനസ്സിലാക്കാൻ വേണ്ടിയാണിത്.
അസർബൈജാനിലെ ഖത്തർ എംബസി, കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ, കാമ്പയിൻ ഒഫീഷ്യൽ കാരിയർ ആയ ഖത്തർ എയർവേസ്, ഖത്തർ പരിസ്ഥിതി കാലാവസ്ഥ വ്യതിയാന മന്ത്രാലയം, നഗരസഭ മന്ത്രാലയം, അസർബൈജാൻ സർക്കാർ എന്നിവരുടെ പിന്തുണയിലാണ് ദൗത്യം പൂർത്തിയാക്കിയത്. സൂഖ് വാഖിഫ് ഫാൽക്കൺ ആശുപത്രി, അഫ്രിൻ ഫാൽക്കൺ സെന്റർ എന്നിവയും ഒപ്പമുണ്ടായിരുന്നു. ഫാൽക്കൺ പക്ഷികളെ പറത്തുന്ന ചടങ്ങിൽ അസർബൈജാൻ ഇക്കോളജി-നാച്വറൽ റിസോഴ്സസ് മന്ത്രി മുക്താർ ബാബയേവ്, ഖത്തർ അംബാസഡർ ഫൈസൽ ബിൻ അബ്ദുല്ല അൽ ഹൻസബ് എന്നിവരും പങ്കെടുത്തു.
പ്രകൃതി സംരക്ഷണ പദ്ധതിയുടെ ഭാഗമായി അസർബൈജാൻ അതിർത്തിയുടെ ഭാഗമായ കാസ്പിയൻ ഉൾക്കടലിലേക്ക് സാൽമൺ മത്സ്യക്കുഞ്ഞുകളെയും നിക്ഷേപിച്ചു.
പ്രകൃതിയിൽ ഫാൽക്കൺ പക്ഷികളെ സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിയാണ് അസോസിയേഷൻ നേതൃത്വത്തിൽ ഉടമകളെ ബോധ്യപ്പെടുത്തി മികച്ച ഇനം ഫാൽക്കണുകളെ തെരഞ്ഞെടുത്ത് കാമ്പയിനിന്റെ ഭാഗമാക്കിയത്. തെരഞ്ഞെടുത്ത ശേഷം, രക്തസാമ്പ്ൾ ശേഖരിച്ച് ആരോഗ്യസ്ഥിതി പരിശോധിച്ചും, സാറ്റലൈറ്റ് ട്രാക്കിങ് ഉപകരണം ഘടിപ്പിച്ചുമാണ് ഇവയെ സ്വതന്ത്രമാക്കാൻ സജ്ജമാക്കിയത്. തുടർച്ച എന്ന നിലയിൽ സീസൺ അവസാനത്തോടെ വീണ്ടും ഫാൽക്കണുകളെ പ്രകൃതിയിലേക്ക് തുറന്നു വിടും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

