അൽ ഫാ റോഡ് -റെയിൽ പദ്ധതി: മേഖലയുടെ സാമ്പത്തിക കരുത്താകും
text_fieldsഅൽഫാ തുറമുഖത്തുനിന്ന് തുർക്കിയയിലേക്കുള്ള റോഡ് -റെയിൽ പദ്ധതി കടന്നുപോകുന്ന പാത
ദോഹ: ഏഷ്യ -യൂറോപ്യൻ രാജ്യങ്ങളിലെ ചരക്കുഗതാഗതത്തെ മാറ്റിമറിക്കുന്ന ഇറാഖിലെ ‘അൽ ഫാ’റോഡ് -റെയിൽ നിർമാണവുമായി ബന്ധപ്പെട്ട നിർണായക യോഗം വ്യാഴാഴ്ച തുർക്കിയയിൽ ചേരും. 1700 കോടി ഡോളർ ചെലവു വരുന്ന ഇറാഖിലെ തുറമുഖനഗരമായ അൽ ഫാവിൽനിന്ന് തുർക്കിവരെ നീണ്ടുനിൽക്കുന്ന റോഡ് -റെയിൽ നിർമാണ പദ്ധതിയുടെ പുരോഗമനം ഇസ്താബൂളിൽ ചേരുന്ന യോഗം വിശകലനം ചെയ്യും. തുർക്കിയ ഗതാഗതമന്ത്രി അബ്ദുൽ ഖാദിർ ഉറലോഗ്ലുവിനെ ഉദ്ധരിച്ച് ദേശീയ ചാനലായ ടി.ആർ.ടിയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അൽ ഫാ ഗ്രാൻഡ് പോർട്ട് പ്രോജക്ടുമായി ബന്ധപ്പെട്ട നിർണായക തീരുമാനങ്ങൾ യോഗത്തിൽ രൂപപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഖത്തർ, യു.എ.ഇ, തുർക്കിയ പങ്കാളിത്തത്തോടെയാണ് ഇറാഖ് വഴി ഏഷ്യയെയും യൂറോപ്പിനെയും കരമാർഗം ബന്ധിപ്പിക്കുന്ന വമ്പൻ പാത നിർമിക്കുന്നത്. മേഖലയിലെ എണ്ണ, ചരക്കുനീക്കത്തിൽ നിർണായകമായ പദ്ധതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ നാല് രാജ്യങ്ങളും ധാരണപത്രത്തിൽ ഒപ്പുവെച്ചിരുന്നു.
കുവൈത്തിനും ഇറാനുമിടയിലായി അറേബ്യൻ ഉൾക്കടലിലേക്കിറങ്ങി നിൽക്കുന്ന അൽ ഫാ തുറമുഖത്തിന്റെ വാണിജ്യ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റോഡ് -റെയിൽ ശൃംഖല വികസിപ്പിക്കുന്നത്.
മേഖലയിലെ തന്ത്രപ്രധാനമായ തുറമുഖത്തുനിന്ന് ചരക്കുകൾ ഏഷ്യയിലെ വിവിധ രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും റോഡുമാർഗം എത്തിക്കുകയാണ് ‘അൽ ഫാ റോഡ് പ്രോജക്ട് ലക്ഷ്യമിടുന്നത്. ഇറാഖിനകത്തു മാത്രമായി 1200 കിലോമീറ്റർ ദൈർഘ്യമേറിയ റോഡ് -റെയിൽ നിർമാണമാണ് ഇതുവഴി പൂർത്തിയാക്കുന്നത്. ഇറാഖിൽനിന്ന് തുർക്കിയയിലേക്കാണ് റോഡ് നീണ്ടുകിടക്കുന്നത്. തുറമുഖത്തുനിന്ന് ചരക്കുകൾ കരമാർഗം വേഗത്തിൽ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്ന പദ്ധതി മേഖലയുടെതന്നെ സാമ്പത്തിക കുതിപ്പിൽ നിർണായകമാകും. മൂന്നു ഘട്ടങ്ങളിലായി നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി. ആദ്യഘട്ടം 2028ലും രണ്ടാം ഘട്ടം 2033ലും 2050ലുമായി പൂർത്തിയാക്കും. ഏപ്രിലിൽ ബഗ്ദാദിൽ നടന്ന ചടങ്ങിൽ ഇറാഖ് പ്രധാനമന്ത്രി മുഹമ്മദ് ഷിഅ അൽ സുദാനി, തുർക്കിയ പ്രസിഡന്റ് റജബ് ത്വയിബ് ഉർദുഗാൻ എന്നിവരുടെ സാന്നിധ്യത്തിൽ ഖത്തർ ഗതാഗത മന്ത്രി ജാസിം ബിൻസൈഫ് അൽ സുലൈതി, യു.എ.ഇ ഊർജ -അടിസ്ഥാന സൗകര്യ വിഭാഗം മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂഇ, തുർക്കിയ, ഇറാഖ് ഗതാഗത മന്ത്രിമാരാണ് നിർമാണ കരാറിൽ ഒപ്പുവെച്ചത്. നാലുരാജ്യങ്ങളുടെയും സംയുക്ത പദ്ധതിയായി ആരംഭിക്കുന്ന നിർമാണത്തിൽ പങ്കാളിത്ത താൽപര്യവുമായി വിവിധ അറബ്, യൂറോപ്യൻ രാജ്യങ്ങൾ രംഗത്തെത്തിയതായി തുർക്കിയ ഗതാഗത മന്ത്രി പറഞ്ഞു. നിക്ഷേപമായും നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായും പങ്കാളിത്തത്തിനാണ് താൽപര്യം പ്രകടിപ്പിച്ചത്. അതേസമയം, പദ്ധതി പൂർത്തിയാകുന്നതോടെ തുർക്കിയും ഇറാഖും തമ്മിലെ വ്യാപാര ഇടപാട് 2000 കോടി ഡോളറിൽനിന്ന് 3000 -4000 കോടി ഡോളർവരെ ഉയർന്നേക്കുമെന്ന് തുർക്കിയ ഗതാഗത മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

