ഖത്തറിലെ 'അൽ അറബ്' ദിനപത്രം പുന:പ്രസിദ്ധീകരിക്കുന്നു
text_fieldsജൂലൈ ഒമ്പതിന് അവസാനമായി ഓൺലൈനിൽ പുറത്തിറങ്ങിയ ‘അൽ അറബ്’ ദിനപത്രം
ദോഹ: അച്ചടി നിലച്ച ഖത്തറിലെ പ്രഥമ അറബി ദിനപത്രമായ 'അൽ അറബ്' പുന:പ്രസിദ്ധീകരിക്കാൻ സാധ്യത. ദാർ അൽ അറബ് പബ്ലിഷിംഗ് പ്രിൻറിംഗ് ഡിസ്ട്രിബ്യൂഷൻ കമ്പനിയെ ദാർ അൽ ശർഖ് ഗ്രൂപ്പ് ഏറ്റെടുത്തതോടെയാണിത്. ഡോ. ഖാലിദ് ബിൻ ഥാനി ബിൻ അബ്ദുല്ല ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് ദാർ അൽ അറബിനെ ഏറ്റെടുക്കാൻ തീരുമാനിച്ചത്.
അൽ അറബ് ദിനപത്രത്തിനായി പുതിയ സ്ട്രാറ്റജിയും കാഴ്ചപ്പാടും തയ്യാറാക്കുന്നതിൻെറ ഭാഗമായാണ് തീരുമാനം. മാധ്യമരംഗത്തെ മാറ്റങ്ങൾക്കനുസൃതമായി അൽ അറബ് പത്രം പുനപ്രസിദ്ധീകരണം നടത്തുന്നതിനായുള്ള സമഗ്ര തയ്യാറെടുപ്പുകളും ദാർ അൽ ശർഖ് ഗ്രൂപ്പ് നടത്തി വരുന്നുണ്ട്.
ഖത്തറിലെ പ്രഥമ ദിനപത്രമായിരുന്ന 'അൽ അറബ്' 1972ലാണ് ദാർ അൽ അറബ് ഗ്രൂപ്പിന് കീഴിൽ പ്രസിദ്ധീകരണം ആരംഭിച്ചത്. സാങ്കേതിക കാരണങ്ങളാൽ അടുത്തിടെ പ്രസിദ്ധീകരണം താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ജൂലൈ ഒമ്പതിനാണ് ഓൺലൈനിൽ അവസാന പത്രം പുറത്തിറങ്ങിയത്. അച്ചടി നേരത്തേ നിർത്തിയിരുന്നു. ദാർ അൽ ശർഖ് ഗ്രൂപ്പിന് കീഴിൽ ദിനപത്രം ഉടൻ പുനപ്രസിദ്ധീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ ശർഖ്, ദി പെനിൻസുല, ലുസൈൽ എന്നിവയും ദാർ അൽ ശർഖ് ഗ്രൂപ്പിന് കീഴിലാണ് പുറത്തിറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

