അൽ അഖ്സ അതിക്രമം മുസ്ലിം വിശ്വാസത്തെ വ്രണപ്പെടുത്തുന്നത് –വിദേശകാര്യമന്ത്രി
text_fieldsഅറബ് മന്ത്രിതല സമിതിയിൽ ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്
മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പങ്കെടുക്കുന്നു
ദോഹ: അൽ അഖ്സയിലെ ഇസ്രായേൽ അധിനിവേശ സേനയുടെ ആക്രമണവും പ്രാർഥനക്കെത്തിയ വിശ്വാസികളെ അറസ്റ്റ് ചെയ്ത നടപടിയും പള്ളിയുടെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നതിന്റെ തുടർച്ചയാണെന്ന് ഖത്തർ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ദശലക്ഷക്കണക്കിന് വരുന്ന മുസ്ലിംകളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് വിശുദ്ധ റമദാനിലെ തുടർച്ചയായ ആക്രമണമെന്നും അന്താരാഷ്ട്ര കൺവെൻഷനുകളുടെയും മനുഷ്യാവകാശങ്ങളുടെയും പ്രത്യക്ഷമായ നിയമലംഘനങ്ങളാണിതെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി കൂട്ടിച്ചേർത്തു.
ജറൂസലമിലെ ഇസ്രായേൽ നിയമവിരുദ്ധ നടപടികളെയും അതിക്രമങ്ങളെയും നേരിടുന്നതിനുള്ള അന്താരാഷ്ട്ര കർമ പരിപാടിയുടെ ചുമതലയുള്ള അറബ് മന്ത്രിതല സമിതിയുടെ നാലാമത് യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജോർഡനിലെ അമ്മാനിലാണ് യോഗം നടന്നത്.
കിഴക്കൻ ജറൂസലം ആസ്ഥാനമാക്കി, 1967ലെ അതിർത്തികൾ പ്രകാരമുള്ള സ്വതന്ത്ര പരമാധികാര ഫലസ്തീൻ രാഷ്ട്രത്തിന്റെ പുനഃസ്ഥാപനമാണ് വേണ്ടതെന്നും ഫലസ്തീൻ വിഷയത്തിലും ഫലസ്തീനികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കുന്നതിലും ഖത്തറിന്റെ പൂർണ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ആവർത്തിച്ചു.
ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളെ അപലപിക്കുകയാണെന്നും മേഖലയിലെ പ്രതിസന്ധികൾ അവസാനിപ്പിക്കാനും
ഫലസ്തീൻ ഭൂമികയിലെ ഇസ്രായേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനും കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

