അഭയാർഥികൾക്ക് അഭയമായി അൽ അമൽ
text_fieldsഖത്തർ ചാരിറ്റി നേതൃത്വത്തിൽ സിറിയൻ അഭയാർഥികൾക്കായി പൂർത്തിയാക്കിയ അൽ അമൽ റെസിഡൻഷ്യൽ സിറ്റി 2 അൽ അമൽ റെസിഡൻഷ്യൽ സിറ്റി ഉദ്ഘാടനത്തിനെത്തിയ
അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ്
ദോഹ: 1400 വീടുകൾ, 8800 പേർക്ക് താമസസൗകര്യം, സ്കൂൾ, മാർക്കറ്റ്, ആരോഗ്യകേന്ദ്രം, പള്ളി ഉൾപ്പെടെ സൗകര്യങ്ങളോടെ അത്യാധുനികമായൊരു ഗ്രാമം. കൊച്ചുനഗരമെന്ന് വിളിച്ചാലും അതിശയോക്തിയില്ല. ആഭ്യന്തര യുദ്ധവും പ്രകൃതി ദുരന്തങ്ങളും ജീവിതം തരിപ്പണമാക്കിയ ഒരായിരം മനുഷ്യർക്കായി ഖത്തർ ഒരുക്കിയ അഭയകേന്ദ്രം അവർക്കായി സമ്മാനിച്ചു.
ഖത്തർ ചാരിറ്റി, തുർക്കിഷ് ഹുമാനിറ്റേറിയൻ റിലീഫ് ഫൗണ്ടേഷനുമായി (ഐ.എച്ച്.എച്ച്) സഹകരിച്ച് സിറിയൻ അഭയാർഥികൾക്കായി പൂർത്തിയാക്കിയ അൽ അമൽ റസിഡൻഷ്യൽ സിറ്റി പദ്ധതിയാണ് ഡമസ്കസിൽ ഉദ്ഘാടനം ചെയ്തത്.
ഖത്തർ വിദേശകാര്യമന്ത്രാലയം അന്താരാഷ്ട്ര സഹകരണ സഹമന്ത്രി മർയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് ഉദ്ഘാടനം നിർവഹിച്ചു. തുർക്കിയ ആഭ്യന്തര സഹമന്ത്രി മുനിർ കറലോഗ്ലു, ഐ.എച്ച്.എച്ച് സെക്രട്ടറി ജനറൽ ഡർമസ് ഐദിൻ, ഗസിയാൻറ്റെപ് മേയർ ഫാതിമ സഹിൻ, ഖത്തർ ചാരിറ്റി സി.ഇ.ഒ യൂസുഫ് അഹമ്മദ് അൽ കുവാരി എന്നിവർ പങ്കെടുത്തു.
1400 വീടുകളും 8800 പേർക്ക് താമസവും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമെല്ലാമുള്ള വിശാലമായ റസിഡൻഷ്യൽ സിറ്റിയാണ് നിർമിച്ചത്. വർഷങ്ങളായി അഭയാർഥി ക്യാമ്പുകളിൽനിന്ന് മാറിമാറി ജീവിതം കഴിഞ്ഞ ആയിരത്തോളം കുടുംബങ്ങൾക്ക് ആശ്വാസമാവുന്നതാണ് ഖത്തറിന്റെ നേതൃത്വത്തിൽ നിർമിച്ച അൽ അമൽ സിറ്റി.
ഉദ്ഘാടനം നിർവഹിച്ചതിന് പിന്നാലെ കുടുംബങ്ങളെ വീടുകളിലേക്ക് ഘട്ടംഘട്ടമായി താമസിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. വടക്കൻ സിറിയയിലെ അൽ അമൽ സിറ്റിയിലാണ് ഈ മാതൃകാ പദ്ധതി അതിവേഗത്തിൽ ഖത്തർ പൂർത്തിയാക്കിയത്. കഴിഞ്ഞ കുറെ വർഷങ്ങളായി ദുരിതസമാനമായ ടെന്റ് ജീവിതം നയിച്ചവർക്കുവേണ്ടിയാണ് ഈ ജീവകാരുണ്യ പദ്ധതി.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിനു കീഴിൽ ഖത്തരി ജനങ്ങൾ സിറിയൻ സമൂഹത്തെ എന്നും പിന്തുണക്കുന്നുവെന്ന് ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തുകൊണ്ട് അൽ മിസ്നദ് പറഞ്ഞു. ഒരു നഗരപദ്ധതി എന്നതിനപ്പുറം, എല്ലാം തകർന്ന സമൂഹത്തിന്റെ പ്രതീക്ഷയും ജീവിതം തിരിച്ചുപിടിക്കുന്നതിന്റെ അടയാളവുമാണെന്ന് അവർ വിശദീകരിച്ചു.
സംരംഭവുമായി സഹകരിച്ച എല്ലാവർക്കും ഖത്തർ ചാരിറ്റിയും തുർക്കിയയും നന്ദി അറിയിച്ചു.
അൽ അമൽ; അഭയാർഥികൾക്കൊരു ലോകനഗരം
സിറിയയിലെ അലെപ്പോ ഗവർണറേറ്റിന് കീഴിൽ സൗറൻ പ്രവിശ്യയിലാണ് അൽ അമൽ സിറ്റി. ഇവിടെയാണ് ലോകോത്തര നിലവാരത്തിലെ പുത്തൻ റസിഡൻഷ്യൻ സിറ്റി ഖത്തറിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കിയത്. ഒരേമാതൃകയിൽ നിരനിരയായ 1400 വീടുകളാണ് ആകർഷണം.
ആൺ, പെൺ സ്കൂളുകൾ, കിൻഡർഗർട്ടൻ സ്കൂൾ, ട്രെയിനിങ് സ്കൂൾ, പള്ളി, വാണിജ്യ കേന്ദ്രങ്ങൾ, ആരോഗ്യകേന്ദ്രം, കളിസ്ഥലം, കുടിവെള്ള-മാലിന്യ ശൃംഖല, വൈദ്യുതി സംവിധാനം, വിശാലമായ റോഡ് എന്നിവയും അനുബന്ധമായി സജ്ജീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

