പ്രവാസികൾക്ക് സർക്കാർ സേവനങ്ങൾ എളുപ്പമാക്കാൻ വിദേശത്ത് അക്ഷയ കേന്ദ്രങ്ങൾ സ്ഥാപിക്കണം -ഐ.സി.എഫ്
text_fieldsമുഖ്യമന്ത്രി പിണറായി വിജയന് ഐ.സി.എഫ് ഭാരവാഹികൾ നിവേദനം സമർപ്പിക്കുന്നു
ദോഹ: പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ആവശ്യപ്പെട്ടു.
ഇക്കാര്യം ഉന്നയിച്ച് ദോഹയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.
കേരളത്തിൽ വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്തുനിന്ന് എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അക്ഷയ കേന്ദ്രങ്ങൾ കൈവരിച്ച വിജയം മാതൃകാപരമാണ്. സമാനമായ കേന്ദ്രങ്ങൾ വിദേശത്തും സ്ഥാപിക്കുന്നത് പ്രവാസി മലയാളികൾക്ക് വലിയ ആശ്വാസമാകും. അവശ്യ സർക്കാർ സേവനങ്ങൾ വേഗത്തിൽ ലഭ്യമാകുന്നതിന് ഇത് വഴിയൊരുക്കും. ഗൾഫ് രാജ്യങ്ങളിൽ നോർക്ക, അക്ഷയ മിഷൻ, ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ എന്നിവയുമായി സഹകരിച്ച് ഇത് നടപ്പാക്കാനാവുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
ഐ.സി.എഫ് ഇന്റർനാഷനൽ സെക്രട്ടറി സിറാജ് ചൊവ്വ, ഖത്തർ നാഷനൽ ഭാരവാഹികളായ ശാ ആയഞ്ചേരി, അസീസ് സഖാഫി പാലോളി, അബ്ദുസ്സലാം ഹാജി പാപ്പിനിശ്ശേരി, നൗശാദ് അതിരുമട എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

