ആകാശ് ബൈജൂസ് പരിശീലന പദ്ധതിയുമായി ഒലീവ് സ്കൂൾ
text_fieldsഒലീവ് ഇന്റർനാഷനൽ സ്കൂൾ ജെ.ഇ.ഇ-നീറ്റ് പരിശീലന പദ്ധതിയുടെ പ്രഖ്യാപനം സ്കൂൾ മാനേജ്മെന്റ് നടത്തുന്നു
ദോഹ: വിദ്യാർഥികൾക്ക് ജെ.ഇ.ഇ, നീറ്റ് മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്നതിനായി പ്രമുഖ കോച്ചിങ് സ്ഥാപനമായ ആകാശ് ബൈജൂസുമായി സഹകരിച്ച് ഖത്തറിലെ പ്രമുഖ ഇന്ത്യൻ സ്കൂളായ ഒലീവ് ഇന്റർനാഷനൽ സ്കൂൾ. കോഴ്സിന്റെ ഔപചാരിക ഉദ്ഘാടനം സ്കൂൾ പേട്രൺ സാലിഹ് അബ്ദുല്ല എം.എസ് സുലൈത്തി നിർവഹിച്ചു. കുട്ടികളുടെ സമഗ്രമായ വളർച്ചക്കും വിജ്ഞാന പരിശീലനത്തിനും ഈ സംരംഭം ഗുണകരമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ സംയുക്ത സംരംഭം കുട്ടികളുടെ വൈജ്ഞാനിക നിലവാരം ഉയർത്താൻ സഹായകമാവുമെന്ന് സ്കൂൾ ചെയർമാൻ ഡേവിസ് ഇലക്കളത്തൂർ പ്രഖ്യാപിച്ചു.
സ്കൂൾ വൈസ് ചെയർമാൻ റോണി പോൾ, സി.ഒ.ഒ ജൂട്ടസ് പോൾ, പ്രിൻസിപ്പൽ ജേക്കബ് മാത്യു എന്നിവർ സംസാരിച്ചു. പഠന പരിശീലന പരിപാടി ഒലീവിന്റെ അധ്യയന മേഖലയിൽ നാഴികക്കല്ലായി മാറുമെന്ന് പ്രിൻസിപ്പൽ വ്യക്തമാക്കി. കോഓഡിനേറ്റർമാരായ അഭിലാഷ് മാത്യു, ഷീബ ഇ.ടി തുടങ്ങിയവർ പരിശീലന ക്ലാസുകളുടെ പ്രവർത്തനരീതികൾ വിശദീകരിച്ചു. സ്കൂൾ റെഗുലർ ക്ലാസുകൾ കഴിഞ്ഞശേഷം ആരംഭിക്കുന്ന പരിശീലന പരിപാടി, വെർച്വൽ പ്ലാറ്റ്ഫോം വഴി ഉ സലാൽ, അൽ തുമാമ എന്നീ കാമ്പസുകളിൽ വിദ്യാർഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് ഉച്ചഭക്ഷണവും ക്ലാസ് കഴിഞ്ഞ് യാത്രാസൗകര്യവും ഒരുക്കും. ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്സ്, ഐ.ടി തുടങ്ങിയ വിഷയങ്ങൾക്ക് പ്രത്യേകം മേൽനോട്ടം നൽകുന്നതിനായി കോഓഡിനേറ്റർമാരുടെ സഹായവും ലഭ്യമാവും. മത്സരപരീക്ഷകൾക്കായി വിദ്യാർഥികളെ പ്രാപ്തരാക്കുന്നതിനോടൊപ്പം ശാസ്ത്രാഭിരുചിയും അവബോധവും വളർത്തുന്നതിനും പരിശീലന ക്ലാസ് സഹായിക്കുമെന്ന് സ്കൂൾ അധികൃതർ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

