അജ്യാൽ ഫിലിം ഫെസ്റ്റ് നവംബറിൽ
text_fieldsഅജ്യാൽ ഫിലിം ഫെസ്റ്റ് (ഫയൽ ചിത്രം)
ദോഹ: ഖത്തറിലെ സിനിമാ പ്രേമികളിലേക്ക് ലോക സിനിമയുടെ കാഴ്ചകളുമായെത്തുന്ന 11ാമത് അജ്യാൽ ഫിലിം ഫെസ്റ്റിവൽ നവംബറിൽ. ദോഹ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ നടത്തപ്പെടുന്ന ലോകസിനിമയുടെ മേള നവംബർ എട്ട് മുതൽ 16വരെ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിലെയും അറബ് മേഖലയിലെയും പ്രധാന സിനിമാ പ്രദർശനമായി മാറിയ അജ്യാൽ 11ാം പതിപ്പുമായെത്തുന്ന വാർത്ത ഡി.എഫ്.ഐ സാമൂഹിക മാധ്യമങ്ങളിലൂടെ അറിയിച്ചു. ഏറ്റവും മികച്ചതും അതുല്യവുമായ സിനിമാനുഭവങ്ങളുമായി എല്ലാ പ്രായക്കാർക്കും ആസ്വദിക്കാൻ അജ്യാൽ എത്തുന്നതായി അധികൃതർ അറിയിച്ചു.
ലോക സിനിമകളും, അറബ് മേഖലയിൽ നിന്നുള്ള സിനിമകളും പ്രദർശിപ്പിക്കുന്ന അജ്യാലിൽ ഖത്തറിലെ പ്രവാസി മലയാളികളുടെ ഹ്രസ്വചിത്രങ്ങളും മുന്‍ വര്‍ഷങ്ങളിൽ ഇടം നേടിയിരുന്നു. ജൂറികളുടെ അജ്യാല്‍ മത്സരം, തദ്ദേശീയമായി നിര്‍മിച്ച സിനിമകള്‍ക്കുള്ള മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗം, പ്രത്യേക സിനിമാ പ്രദര്‍ശനങ്ങള്‍, സിനിമ അണ്ടര്‍ ദ സ്റ്റാര്‍സ്, ക്രിയേറ്റിവിറ്റി ഹബ്ബ്, സിനിമ ചര്‍ച്ചകള്‍ തുടങ്ങി എല്ലാ പ്രായക്കാര്‍ക്കും ആസ്വദിക്കാനുള്ള പരിപാടികളാണ് ചലച്ചിത്രമേളയിലുണ്ടാകുക.
അജ്യാലിലേക്ക് സിനിമകള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ആഗസ്റ്റ് 24 ആണ്. മെയ്ഡ് ഇന്‍ ഖത്തര്‍ വിഭാഗത്തിലേത് സെപ്റ്റംബര്‍ ഒന്നിന് മുമ്പായും അപേക്ഷ സമർപ്പിക്കാം. പ്രാദേശിക സിനിമാ പ്രവർത്തനങ്ങളെയും കലാകാരന്മാരെയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് ‘മെയ്ഡ് ഇൻ ഖത്തർ’ വിഭാഗം. സിനിമാ പ്രദർശനത്തിനൊപ്പം ലോക പ്രശസ്ത സംവിധായകരും അഭിനേതാക്കളും പിന്നണി പ്രവർത്തകരും ഉൾപ്പെടെയുള്ളവർ അജ്യാലിൽ അതിഥികളായെത്തും. ഇവരുമായുള്ള ചർച്ചകളും ഓപൺ ഫോറവും സിനിമാപ്രേമികൾക്ക് ഏറെ ആസ്വാദ്യകരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

