ബുധനാഴ്ച പുലർച്ചെയും വ്യോമാക്രമണം
text_fieldsദോഹ: ബുധനാഴ്ച പുലർച്ചെയും ചൊവ്വാഴ്ച രാത്രിയും ഖത്തറിനിനുനേരെ മിസൈൽ ആക്രമണ ശ്രമം. കഴിഞ്ഞ ദിവസം രാത്രി 10. 27 ഓടെയാണ് നാഷണൽ അലേർട്ട് സിസ്റ്റം വഴി സുരക്ഷ സന്ദേശം ലഭിക്കുന്നത്. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ദോഹയുടെ വിവിധ ഭാഗങ്ങളിലായി വലിയ സ്ഫോടന ശബ്ദം കേട്ടു. എന്നാൽ, ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഇറാന്റെ മിസൈൽ ആക്രമണത്തെ നിർവീര്യമാക്കിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. പിന്നാലെ സുരക്ഷ ഭീഷണി ഒഴിഞ്ഞതായുള്ള സന്ദേശവും മൊബൈൽ ഫോൺ വഴി രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ലഭിച്ചു.
അതേസമയം, ആക്രമണത്തിൽ മിസൈൽ അവശിഷ്ടങ്ങൾ വീണ് ഒരു ഖത്തരി കുട്ടിയടക്കം നാലു പേർക്ക് പരിക്കേറ്റു. മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ചതിന്റെ ഭാഗമായുണ്ടായ അവശിഷ്ടങ്ങൾ മുറൈഖ് പ്രദേശത്തെ ഒരു ഖത്തരി പൗരന്റെ വീടിന് മുകളിൽ പതിച്ചു. ബന്ധപ്പെട്ട സുരക്ഷ സംഘങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി ആവശ്യമായ സഹായങ്ങൾ നൽകുകയും പരിക്കേറ്റവരെ ചികിത്സക്കായി മാറ്റുകയും ചെയ്തു. സംഭവസ്ഥലത്ത് പരിമിതമായ നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തുടർന്ന് ബുധനാഴ്ച പുലർച്ചെ യു.എസ് -ഇറാൻ വെടിനിർത്തൽ പ്രഖ്യാപനം വരുന്നതിനു മുമ്പായും മിസൈൽ ആക്രമണമുണ്ടായി. പുലർച്ചെ മൂന്നോടെയാണ് സുരക്ഷ ഭീഷണി ഉണ്ടായതായി മുന്നറിയിപ്പ് വന്നത്.
ഇറാനിൽ നിന്ന് ഏഴ് ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ആക്രമണശ്രമം നടത്തിയതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. എല്ലാ വ്യോമാക്രമണങ്ങളെയും സായുധ സേന വിജകരമായി പ്രതിരോധിച്ചു.
പൊതുജനങ്ങൾ നിർദേശങ്ങൾ പാലിക്കണമെന്നും പൊതുസ്ഥലങ്ങളിൽ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു. അപകടസ്ഥലങ്ങളിലേക്ക് പോകുന്നത് ഒഴിവാക്കണം.
ആംബുലൻസുകൾ, സിവിൽ ഡിഫൻസ് യൂണിറ്റുകൾ എന്നിവക്ക് തടസ്സമില്ലാതെ അവരുടെ കർത്തവ്യങ്ങൾ നിർവഹിക്കാൻ അവസരമൊരുക്കണമെന്നും മന്ത്രാലയം ഓർമപ്പെടുത്തി. അജ്ഞാത വസ്തുക്കളോ അവശിഷ്ടങ്ങളോ കണ്ടാൽ തൊടരുത്. ഉടൻ തന്നെ 999 എന്ന നമ്പറിൽ വിളിച്ച് ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

