യാത്രക്കാരെ ‘എയറി’ലാക്കി എക്സ്പ്രസ്
text_fieldsദോഹ: എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്കിൽ വലഞ്ഞ് ഖത്തറിൽനിന്നുള്ള യാത്രക്കാരും. അപ്രതീക്ഷിതമായ സമരത്തെതുടർന്ന് ദോഹയിൽനിന്ന് കേരളത്തിലേക്കുള്ള രണ്ട് വിമാനങ്ങളാണ് ബുധനാഴ്ച മുടങ്ങിയത്. കണ്ണൂർ, കോഴിക്കോട് വിമാനത്താവളങ്ങളിൽനിന്ന് ദോഹയിലേക്കും തിരികെയുമുള്ള വിമാനങ്ങൾ മുടങ്ങിയതോടെ 400ലേറെ യാത്രക്കാർ വലഞ്ഞു. ഉച്ചക്ക് 12.30ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന ഐ.എക്സ് 376, രാത്രി 10.10ഓടെ കണ്ണൂരിലേക്ക് പുറപ്പെടേണ്ട ഐ.എക്സ് 774 വിമാനങ്ങളുടെ സർവിസ് റദ്ദാക്കി. കോഴിക്കോടുനിന്ന് രാവിലെ 9.35നും കണ്ണൂരിൽനിന്ന് രാത്രി 7.15നുമുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. അതേസമയം, രാവിലെ 11.10നുള്ള ദോഹ-മാംഗ്ലൂർ എയർ ഇന്ത്യ എക്സ്പ്രസ് തടസ്സങ്ങളില്ലാതെ പറന്നു.
പുലർച്ചയോടെ കേരളത്തിൽനിന്നുള്ള വിമാനങ്ങൾ മുടങ്ങിയ വാർത്ത അറിഞ്ഞതിനാൽ വിമാനത്താവളത്തിലെത്തി പ്രയാസപ്പെടണ്ടേ സാഹചര്യമുണ്ടായില്ലെന്ന ആശ്വാസത്തിലാണ് ഖത്തർ പ്രവാസികൾ. നേരത്തേതന്നെ എയർ ഇന്ത്യ അധികൃതർ എസ്.എം.എസ് വഴി അറിയിപ്പും നൽകിയിരുന്നു. എന്നാൽ, അറിയിപ്പുകളൊന്നുമില്ലാതെ വിമാനത്താവളത്തിലേക്ക് പുറപ്പെട്ടവരുമുണ്ട്. അതേസമയം, അത്യാവശ്യകാര്യങ്ങൾക്കായി നാട്ടിൽപോകാൻ നിന്നവരെയായിരുന്നു വിമാനങ്ങളുടെ റദ്ദാക്കൽ ഏറെ വലച്ചത്. പലരും ചികിത്സക്കായും വീട്ടിലെയും മറ്റും അത്യാവശ്യങ്ങൾക്കായും തിരിച്ചവരായിരുന്നു. ആശുപത്രി ചികിത്സ, ബന്ധുവിന്റെ മരണം, വിവാഹം ഉൾപ്പെടെ യാത്രക്കുള്ളവരും സംഘത്തിലുണ്ട്.
സന്ദർശക വിസയിലെത്തി നാട്ടിലേക്ക് മടങ്ങുന്ന കുടുംബങ്ങൾ, മേയ് അവസാന വാരത്തോടെ ടിക്കറ്റ് നിരക്ക് ഉയരുന്നത് കണക്കിലെടുത്ത് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്ക് ചെയ്ത് പുറപ്പെട്ടവർ എന്നിവരുടെയും യാത്ര മുടങ്ങി. ആശുപത്രി ബുക്കിങ്ങുമായി ബുധനാഴ്ച പുറപ്പെടാൻ ഒരുങ്ങിയതായിരുന്നു കോഴിക്കോട് ഉള്ള്യേരി സ്വദേശിയായ മുഹമ്മദ് റാസിഖ്. വെള്ളിയാഴ്ചത്തേക്ക് മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്താണ് ഡോക്ടർ കൺസൾട്ടേഷൻ ഒരുക്കിയത്. എന്നാൽ, വരും ദിവസങ്ങളിൽ നാട്ടിലെത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. പ്രവാസി യാത്രക്കാരെ ബുദ്ധിമുട്ടിച്ച വിമാനമുടക്കത്തിൽ പ്രതിഷേധവും ശക്തമാവുകയാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ സാമൂഹിക പേജുകളിൽ രോഷം പങ്കുവെച്ചാണ് പ്രവാസികൾ തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നത്.
പുറപ്പെടും മുമ്പ് ഫ്ലൈറ്റ് ചെക്ക് ചെയ്യുക
നിലവിൽ ടിക്കറ്റെടുത്ത യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുതും മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിച്ച് ഉറപ്പാക്കണമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. airindiaexpress.com വഴിയോ +91 6360012345 എന്ന നമ്പറിൽ വാട്സ്ആപ് വഴിയോ വിമാനവിവരങ്ങൾ പരിശോധിക്കാം.
അതേസമയം, നിലവിൽ യാത്ര മുടങ്ങിയവർക്ക് അടുത്തദിവസങ്ങളിലായി ഇതേ ടിക്കറ്റ് ഉപയോഗിച്ച് സീറ്റ് ലഭ്യതക്ക് അനുസരിച്ച് യാത്രാ തീയതി തിരഞ്ഞെടുക്കാവുന്നതാണ്. അല്ലെങ്കിൽ ഏഴ് ദിവസത്തിനുള്ളിൽ ടിക്കറ്റ് തുക തിരിച്ച് നൽകും. റീഫണ്ടിനും ഇതേ വാട്സ്ആപ് വഴി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

