ദോഹ: തമീം എയർ ബേസ് എന്ന പേരിൽ പുതിയ വ്യോമതാവളം ഖത്തർ നിർമ്മിക്കുമെന്ന് അമീരി വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഖത്തർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അൽ ഉദൈദ് എയർബേസ് കൂടുതൽ വിപുലീകരിക്കുമെന്നും പുതുതായി വ്യോമസേനയിലേക്ക് എത്തിച്ചേരുന്ന പോർവിമാനങ്ങളെയും മറ്റും സ്വീകരിക്കുന്നതിന് ദോഹ എയർബേസിനെ കൂടുതൽ സജ്ജമാക്കുമെന്നും അമീരി ഫോഴ്്സ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ഫ്രാൻസിൽ നിന്നുള്ള റഫേൽ പോർവിമാനങ്ങൾ, അമേരിക്കയുടെ എഫ്–15, ബ്രിട്ടനിൽ നിന്നുള്ള യൂറോഫൈറ്റർ ടൈഫൂൺ തുടങ്ങിയ അത്യാധുനിക യുദ്ധ വിമാനങ്ങളും പ്രതിരോധ സംവിധാനങ്ങളുമാണ് ഖത്തറിലേക്കെത്താനിരിക്കുന്നത്.
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള മോറൽ ഗൈഡൻസ് ഡയറക്ടറേറ്റ് പ്രസിദ്ധീകരിക്കുന്ന അൽ തലാൽ മാഗസിന് നൽകിയ അഭിമുഖത്തിൽ ഖത്തർ അമീരി വ്യോമസേന ഡെപ്യൂട്ടി കമാൻഡർ മേജർ ജനറൽ അഹ്മദ് ഇബ്റാഹിം അൽ മൽകിയാണ് ഇക്കാര്യങ്ങൾ പുറത്തുവിട്ടത്. പ്രതിരോധമേഖലയിൽ മുതൽക്കൂട്ടാകുന്ന അത്യാധുനിക റഡാർ, ആശയവിനിമയ സംവിധാനങ്ങൾ സ്ഥാപിച്ച് കമാൻഡ് ആൻഡ് കൺേട്രാൾ സംവിധാനങ്ങൾ കൂടുതൽ കുറ്റമറ്റതാക്കുമെന്നും മേജർ ജനറൽ അൽ മൽകി വ്യക്തമാക്കി.
അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് കീഴിൽ രാജ്യത്തിെൻറ പ്രതിരോധമേഖലയിലെ വളർച്ച വളരെ വേഗത്തിലാണ്. പ്രതിരോധ സംവിധാനങ്ങൾ ഇരട്ടിയാക്കിയതിന് പുറമേ, അത്യാധുനിക പോർവിമാനങ്ങളും ഗതാഗത വിമാനങ്ങളും ഹെലികോപ്റ്ററുകളും ഖത്തറിലെത്തിയിരിക്കുന്നുവെന്നും അമീരി ഫോഴ്സ് ഉന്നത ഉദ്യോഗസ്ഥൻ ചൂണ്ടിക്കാട്ടി. പുതിയ എയർക്രാഫ്റ്റ് സംവിധാനങ്ങൾ അവതരിപ്പിച്ചുകൊണ്ടുള്ള അമീരി വ്യോമസേനയുടെ പുനസംഘടന സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഉടൻ തന്നെ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നും അദ്ദേഹം സൂചന നൽകി. വ്യോമസേനയിൽ സാങ്കേതികവിദ്യ അടിക്കടി മാറിക്കൊണ്ടിരിക്കുന്നതും കൂടുതൽ സാങ്കേതികത്തികവോടെയുള്ളവ അവതരിപ്പിക്കപ്പെടുന്നതും ഒരു വെല്ലുവിളിയാണ്. അതിനനുസരിച്ച് നമ്മുടെ സൈനികവ്യൂഹത്തെ സജ്ജമാക്കേണ്ടതുണ്ട്.
മനുഷ്യവിഭവശേഷിയുടെ ആധുനികവൽകരണം അനിവാര്യമാണെന്നും മേജർ ജനറൽ അൽ മൽകി വിശദീകരിച്ചു. അമീരി വ്യോമസേനയിലെ സ്ത്രീ പൈലറ്റുമാരുടെ ആദ്യ ബാച്ച് ഈ വർഷം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2014ന് ശേഷം ഖത്തർ വ്യോമസേന അഭൂതപൂർവമായ മാറ്റങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. വമ്പൻ രാഷ്ട്രങ്ങളുമായുള്ള പ്രതിരോധമേഖലയിലെ കരാറുകൾ ഇതിനുദാഹരണങ്ങളാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ ബ്രിട്ടനുമായി 24 യൂറോഫൈറ്റർ ടൈഫൂൺ വാങ്ങുന്നത് സംബന്ധിച്ച കരാറിൽ ഖത്തർ ഒപ്പുവെച്ചിട്ടുണ്ട്. കൂടാതെ അമേരിക്കയുമായി 36 എഫ്–15 പോർവിമാനങ്ങളും ഫ്രാൻസുമായി 12 റാഫേൽ യുദ്ധവിമാനങ്ങളും വാങ്ങുന്നതുമായി ബന്ധപ്പെട്ടും കരാറിൽ ഒപ്പുവെച്ചിട്ടുണ്ട്.