ഫലസ്തീൻ സംഘം പ്രധാനമന്ത്രിയെ കണ്ടു: ഗസ്സക്ക് സഹായം തുടരും; ശാശ്വത സമാധാനത്തിന് കരാർ നടപ്പിലാക്കൽ നിർബന്ധം
text_fieldsഫലസ്തീൻ പ്രതിനിധി സംഘങ്ങളുമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി കൂടിക്കാഴ്ച നടത്തുന്നു
ദോഹ: ഗസ്സയിൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുപിന്നാലെ ദോഹയിൽ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും ഫലസ്തീൻ പ്രതിനിധി സംഘവും കൂടിക്കാഴ്ച നടത്തി.
കരാർ സംബന്ധമായ നിർദേശങ്ങൾ പ്രാബല്യത്തിൽ വരുത്തുന്നതുമായി കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വെടിനിർത്തൽ കരാർ, ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം, ഗസ്സയിലേക്കുള്ള മാനുഷിക സഹായം, നാടുവിട്ട ഫലസ്തീനികളുടെ തിരിച്ചുവരവ് തുടങ്ങിയ വിഷയങ്ങളിലാണ് ചർച്ച നടന്നത്. ഹമാസ് നേതാക്കൾ ഉൾപ്പെടെ വിവിധ ഫലസ്തീൻ സംഘടനാ പ്രതിനിധികൾ സംഘത്തിലുണ്ടായിരുന്നു. മേഖലയിൽ ശാശ്വത സമാധാനവും സ്ഥിരതയും ഉറപ്പാക്കുന്നതിന് കരാർ നിർദേശങ്ങൾ പൂർണമായും നടപ്പാക്കുന്നതിന്റെയും അതിന്റെ തുടർച്ചയുടെയും ആവശ്യകത പ്രധാനമന്ത്രി വ്യക്തമാക്കി.
ഗസ്സയിലെ ഫലസ്തീനികൾക്ക് ഖത്തറിന്റെ പിന്തുണയും സഹായവും തുടരുമെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി കരാർ പ്രകാരമുള്ള മാനുഷിക സഹായം പുനരാരംഭിക്കുമെന്നും അറിയിച്ചു.
ഫലസ്തീനികൾക്ക് നീതി ഉറപ്പാക്കുകയും 1967ലെ അതിർത്തി പ്രകാരം കിഴക്കൻ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര രാജ്യം സ്ഥാപിക്കുകയുമെന്ന ഖത്തറിന്റെ നിലപാടും ആവർത്തിച്ചു.
അതിനിടെ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനെ ഖത്തർ റെഡ്ക്രസന്റ് സൊസൈറ്റി സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

