ഐച്ചി -നഗോയ ഏഷ്യൻ ഗെയിംസിന് വൻ പങ്കാളിത്തവുമായി ഖത്തർ
text_fieldsദോഹ: ജപ്പാനിലെ നഗോയയിൽ ആരംഭിച്ച 20-ാമത് ഏഷ്യൻ ഗെയിംസിൽ (ഐച്ചി -നഗോയ 2026) വൻ പങ്കാളിത്തവുമായി ഖത്തർ. 26 കായിക ഇനങ്ങളിലായി മത്സരിക്കുന്ന 243 കായികതാരങ്ങൾ ഉൾപ്പെടെ 427 അംഗ പ്രതിനിധി സംഘത്തെയാണ് ഖത്തർ ഗെയിംസിനായി അയച്ചത്. മാർച്ച് പാസ്റ്റിൽ പഡൽ താരം മുഹമ്മദ് സഅദൂൻ അൽ കുവാരിയും ഷൂട്ടിങ് താരം റീം അൽ ഷർഷാനിയും ദേശീയ പതാകയേന്തി ഖത്തരി സംഘത്തെ നയിച്ചു.
ഖത്തർ വനിതാ 3x3 ബാസ്കറ്റ്ബാൾ ടീം ഉൾപ്പടെയുള്ള സംഘം ജപ്പാനിൽ എത്തിച്ചേർന്നിട്ടുണ്ട്. സെപ്റ്റംബർ 22ന് നടക്കുന്ന ആദ്യ മത്സരത്തിൽ ശ്രീലങ്കയാണ് ഖത്തറിന്റെ എതിരാളികൾ. തുടർന്നുള്ള മത്സരത്തിൽ ചൈനയെ നേരിടും. മികച്ച തയാറെടുപ്പുകളോടെ എത്തുന്ന ഖത്തരി സംഘം നിരവധി ഇനങ്ങളിൽ മെഡൽ പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്.
ഒക്ടോബർ 4 വരെ നീണ്ടുനിൽക്കുന്ന കായികമാമാങ്കത്തിൽ 45 ഏഷ്യൻ രാജ്യങ്ങളിൽ നിന്നായി 11,000 അത് ലറ്റുകൾ പങ്കെടുക്കുന്നുണ്ട്. 43 കായിക ഇനങ്ങളിലെ 469 മത്സരങ്ങളിലായി ഇവർ മാറ്റുരക്കും. 1958 ൽ ടോക്കിയോയിലും 1994ൽ ഹിരോഷിമയിലും വേദിയൊരുക്കിയ ശേഷം ഇത് മൂന്നാം തവണയാണ് ഏഷ്യൻ ഗെയിംസിന് ജപ്പാൻ ആതിഥേയത്വം വഹിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

