കെട്ടിട പെർമിറ്റ് നൽകാൻ എ.ഐ സംവിധാനം; ഡിജിറ്റൽ മുന്നേറ്റവുമായി മുനിസിപ്പാലിറ്റി മന്ത്രാലയം
text_fieldsദോഹ: രാജ്യത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് കരുത്തേകി കെട്ടിടനിർമാണ പ്രവൃത്തികൾക്കുള്ള അനുമതി ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നടപ്പാക്കാൻ ഖത്തർ.
ഖത്തർ നാഷനൽ വിഷൻ 2030നും മൂന്നാമത് നാഷനൽ ഡെവലപ്മെന്റ് സ്ട്രാറ്റജിക്കും അനുസൃതമായി രാജ്യത്തിന്റെ ഡിജിറ്റൽ മുന്നേറ്റം വേഗത്തിലാക്കാനും സർക്കാർ സേവനങ്ങളുടെ ഗുണമേന്മയും കാര്യക്ഷമതയും വർധിപ്പിക്കാനുമുള്ള ശ്രമങ്ങളുടെ തുടർച്ചയാണ് നടപടി. വിവിധ മേഖലകളിലുടനീളം സർക്കാർ ജോലികളിൽ എ.ഐ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതിനും നടപടിക്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾക്ക് പ്രോത്സാഹനമാണിത്.
നടപടിക്രമങ്ങൾ വേഗത്തിലാക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും ഉപഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനും ഇതുവഴി സാധിക്കുന്നു. സാധാരണ 30 ദിവസത്തോളം എടുക്കുന്ന കെട്ടിട നിർമാണാനുമതി, ഇനിമുതൽ രണ്ട് മണിക്കൂറിനുള്ളിൽ നൽകാൻ കഴിയും. എൻജിനീയറിങ് ഡ്രോയിങ്ങുകൾ അംഗീകൃത മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് എ.ഐ പരിശോധനയിലൂടെ എളുപ്പം മനസ്സിലാക്കാം.
സാങ്കേതിക നടപടിക്രമങ്ങൾ ലഘൂകരിക്കാനും അതേസമയം, കൃത്യതയോടെ നടപ്പാക്കാനും സാധിക്കും. കൂടാതെ, ഇടപാടുകൾ വേഗത്തിലാക്കാനും, എൻജിനീയറിങ് -കൺസൾട്ടിങ് ഓഫിസുകളെ സഹായിക്കാനും, നടപടിക്രമങ്ങൾ ലളിതമാക്കാനും സാധിക്കുന്നു. മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിൽ പ്രധാനപ്പെട്ട നാഴികക്കല്ലാണിത്. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി ചടങ്ങിൽ പങ്കെടുത്തു. എ.ഐൽ പ്രവർത്തിക്കുന്ന ബിൽഡിങ് പെർമിറ്റ് ഇഷ്യൂ സിസ്റ്റം ആരംഭിക്കുന്നത് രാജ്യത്തിന്റെ രാജ്യത്തിന്റെ ഡിജിറ്റൽ മുന്നേറ്റത്തിന് ഊർജമാകുമെന്ന് മുനിസിപ്പാലിറ്റി മന്ത്രി അബ്ദുല്ല ബിൻ ഹമദ് ബിൻ അബ്ദുല്ല അൽ അതിയ്യ പറഞ്ഞു.
വിവിധ സേവനങ്ങൾക്ക് എ.ഐ സംവിധാനം ഉപയോഗിക്കുന്ന രാജ്യങ്ങളുടെ മുൻനിരയിൽ ഖത്തറിനെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങ് അദ്ദേഹം ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

