പറയാനേറെയുണ്ട്; പ്രവാസി ശബ്ദമാവാൻ കബീർ ലോകകേരള സഭയിലേക്ക്
text_fieldsഅഹ്മദ് കബീർ
ദോഹ: ഗൾഫ് നാടുകളിലെ ഗാർഹിക ജീവനക്കാരും ഡ്രൈവർമാരും തൊഴിലാളികളും ഉൾപ്പെടെ സാധാരണ പ്രവാസികളുടെ പ്രതിനിധിയായി ഖത്തറിൽനിന്നും അഹ്മദ് കബീറും ലോകകേരള സഭയിലേക്ക്. ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോകകേരള സഭയിൽ അംഗമായി തിരഞ്ഞെടുക്കപ്പെട്ടവരിൽ ഖത്തറിൽനിന്ന് ഇത്തവണ ഒരു ഗാർഹിക തൊഴിലാളി കൂടിയുണ്ട്. 18 വർഷമായി സ്വദേശി വീട്ടിൽ ഡ്രൈവറായി ജോലി ചെയ്യുന്ന തൃശൂർ ദേശമംഗലം സ്വദേശി തോട്ടുമൂച്ചിക്കൽ അഹ്മദ് കബീറാണ് വലിയൊരു വിഭാഗം സാധാരണക്കാരായ പ്രവാസികളുടെ ശബ്ദമായി എത്തുന്നത്.
നാലാം ലോകകേരള സഭയിൽ 103 രാജ്യങ്ങളിൽ നിന്നാണ് പ്രതിനിധികളുള്ളത്. പ്രവാസികൾ ഏറെ താമസിക്കുന്ന ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽനിന്നാണ് ഏറെയും. പ്രവാസി സംഘടന അംഗങ്ങൾ, സാമൂഹിക പ്രവർത്തകർ, വിവിധ രാഷ്ട്രീയ കക്ഷികളുമായി അനുഭാവം പ്രകടിപ്പിക്കുന്ന പ്രവാസി സംഘടനകളുടെ പ്രതിനിധികൾ എന്നിവരാണ് പതിവായി ലോകകേരള സഭയിൽ അംഗങ്ങളാവുന്നതെങ്കിൽ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ പ്രതിനിധികളായി എത്തുന്നത് അപൂർവമാണ്. അത്തരമൊരു അവസരം തന്നെ തേടിയെത്തുമ്പോൾ ആരാലും ശ്രദ്ധിക്കപ്പെടാത്ത തൊഴിലാളികളുടെ വിഷയങ്ങൾ അധികൃതരുടെ ശ്രദ്ധയിലെത്തിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം.
വീട്ടുഡ്രൈവറായി ജോലി ചെയ്യുമ്പോഴും വിവിധ സംഘടനകളിലൂടെ സാമൂഹിക പ്രവർത്തന മേഖലയിൽ കബീർ സജീവമാണ്. നാട്ടുകാരുടെ കൂട്ടായ്മയായ തളിക്കൂട്ട ഖത്തർ എന്ന പേരിൽ സജീവമായ സംഘടനയുടെ ചുക്കാൻ പിടിച്ച് ഖത്തറിലും നാട്ടിലും നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ഇദ്ദേഹം നേതൃത്വം നൽകുന്നത്. ഇതിനു പുറമെ, സ്വന്തം നിലയിലും സംഘടനകൾക്കൊപ്പവും വിവിധ പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നു. പ്രവാസികൾക്ക് വിവിധോദ്ദേശ്യങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന നോർക്ക തിരിച്ചറിയൽ കാർഡ്, നോർക്ക പെൻഷൻ പദ്ധതി എന്നിവയിൽ ഡ്രൈവർമാർ, വീട്ടുജോലിക്കാർ ഉൾപ്പെടെയുള്ളവരെ അംഗങ്ങളാക്കൽ, ഖത്തറിലെ പ്രവാസികൾക്ക് ആരോഗ്യ പരിരക്ഷ ഉറപ്പു നൽകുന്ന ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ തൊഴിലാളികൾ ഉൾപ്പെടെ സാധാരണക്കാരെ അംഗങ്ങളാക്കൽ തുടങ്ങി സ്വന്തംനിലയിൽ കബീർ നിർവഹിക്കുന്നത് നിരവധി സാമൂഹിക പ്രവർത്തനങ്ങളാണ്. അതിനുള്ള അംഗീകാരമായാണ് കഴിഞ്ഞ ദിവസം ലോകകേരള സഭയിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കുന്നത്.
തങ്ങളെ പോലെ സാധാരണ പ്രവാസികളെ ഇത്തരം വേദികളിലേക്ക് പരിഗണിക്കുന്നത് പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് കബീർ പറയുന്നു. സർക്കാർ ഉദ്യോഗസ്ഥരും മന്ത്രിമാരും ഉൾപ്പെടുന്ന വേദിയിൽ തങ്ങളുടെ വിഷയങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കും. നോർക്കയുടെ വിവിധ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച് കുറഞ്ഞ വരുമാനക്കാരായ തൊഴിലാളികൾക്കിടയിൽ ഇപ്പോഴും ധാരണക്കുറവാണ്. എന്നാൽ, ഇത്തരം ക്ഷേമപദ്ധതികൾക്ക് ഏറ്റവും ആവശ്യക്കാരാണ് അവർ. സാധാരണ പ്രവാസികളിലേക്ക് നോർക്ക പദ്ധതികളെത്തിക്കാൻ ആവശ്യമായ നടപടികളും ബോധവത്കരണവും ഉണ്ടാവണമെന്നാണ് ഈ ഘട്ടത്തിൽ ആവശ്യപ്പെടാനുള്ളത് -കബീർ പറഞ്ഞു. ജൂൺ 13ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന സഭയിൽ പങ്കെടുക്കാൻ ഞായറാഴ്ച ദോഹയിൽനിന്നും പുറപ്പെടാൻ ഒരുങ്ങുകയാണ് കബീർ.
ലോകകേരള സഭയിലേക്ക് ഖത്തറിൽനിന്ന് 13 പേർ
ദോഹ: ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന നാലാം ലോകകേരള സഭയിൽ ഖത്തറിൽനിന്നും 13ഓളം പേർ പങ്കെടുക്കും. ഇതുവരെ ക്ഷണം ലഭിച്ചവരുടെ പട്ടിക പ്രകാരമാണിത്. നോർക്ക ഡയറക്ടർമാരായ സി.വി. റപ്പായി, ജെ.കെ. മേനോൻ, ക്ഷേമനിധി ഡയറക്ടർ ഇ.എം. സുധീർ എന്നിവർക്കൊപ്പം ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽ റഊഫ് കൊണ്ടോട്ടി, സംസ്കൃതി ഖത്തർ മുൻ പ്രസിഡന്റ് അഹമ്മദ് കുട്ടി അർളയിൽ, അബ്ദുൽ ജലീൽ, എ. സുനിൽകുമാർ, ഡോ. പ്രതിഭ രതീഷ്, ഷാനവാസ് തവയിൽ, രഘുനാഥ് കുളങ്ങരത്ത്, സുബൈർ ചെറുമോത്ത്, അജി കുര്യാക്കോസ്, കബീർ തോട്ടുമൂച്ചിക്കൽ എന്നിവർക്കാണ് ഇതുവരെ ക്ഷണം ലഭിച്ചത്.
ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ 103 രാജ്യങ്ങളിൽനിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുമുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്. 200ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. 760 അപേക്ഷകരിൽനിന്നാണ് അർഹരായവരെ തിരഞ്ഞെടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

