ഖത്തറിൽ കാർഷിക-പരിസ്ഥിതി പ്രദർശനത്തിന് തുടക്കം
text_fieldsരാജ്യാന്തര കാർഷിക -പരിസ്ഥിതി പ്രദർശനം ഉദ്ഘാടനം ചെയ്ത ശേഷം പവിലിയനുകൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി
ദോഹ: കോവിഡാനന്തര ഖത്തറിലെ ഏറ്റവും വലിയ പ്രദർശനത്തിന് വ്യാഴാഴ്ച ദോഹ എക്സിബിഷൻ സെന്റററിൽ തുടക്കമായി. കാർഷിക വിഭവങ്ങളും ചിന്തകളും, ഒപ്പം പരിസ്ഥിതി സംരക്ഷണത്തിന്റെ മാതൃകകളും പ്രദർശിപ്പിക്കുന്ന രാജ്യാന്തര കാർഷിക-പരിസ്ഥിതി എക്സിബിഷൻ രാവിലെ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനി ഉദ്ഘാടനം ചെയ്തു. മാർച്ച് ഒമ്പത് മുതൽ 14 വരെ നീളുന്നതാണ് രാജ്യാന്തര എക്സിബിഷൻ.
മുനിസിപ്പാലിറ്റി, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയങ്ങളുടെ നേതൃത്വത്തിലാണ് ഒമ്പതാമത് കാർഷിക എക്സിബിഷനും (അഗ്രിടെക്), മൂന്നാമത് പരിസ്ഥിതി എക്സിബിഷനും (എൻവയോടെക്) സംഘടിപ്പിക്കുന്നത്.
കാർഷിക, പരിസ്ഥിതി മേഖലയിലെ അത്യാധുനിക സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതും, അതുവഴി ഭക്ഷ്യ സുരക്ഷ, പരിസ്ഥിതി സുസ്ഥിരത എന്നിവ കൈവരിക്കുന്നതും പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിന്റെ ലക്ഷ്യം. ഉദ്ഘാടന ശേഷം, പ്രധാനമന്ത്രി വിവിധ പവിലിയനുകൾ സന്ദർശിച്ച് വിലയിരുത്തി. പ്രദർശന സ്റ്റാളുകൾ സന്ദർശിച്ച് വിവരണങ്ങൾ ശ്രവിച്ച പ്രധാനമന്ത്രി ഇന്റർനാഷനൽ സെമിനാറിലും വർക്ഷോപ്പിലും പങ്കാളിയായി.
50 രാജ്യങ്ങളിൽനിന്നായി 650ഓളം സ്ഥാപനങ്ങളാണ് പ്രദർശനത്തിൽ പങ്കാളികളാകുന്നത്. വിവിധ വകുപ്പു മന്ത്രിമാർ, ശൈഖുമാർ, വിദേശ അതിഥികൾ, വിവിധ രാജ്യങ്ങളുടെ അംബാസഡർമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

