കാർഷിക വൈവിധ്യവുമായി അഗ്രിടെക് എക്സിബിഷൻ
text_fieldsഅഗ്രിടെക് ഇന്റർനാഷനൽ അഗ്രകൾചറൽ എക്സിബിഷൻ (ഫയൽ പടം)
ദോഹ: ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിക്കുന്ന 13ാമത് ഇന്റർനാഷനൽ അഗ്രകൾചറൽ എക്സിബിഷൻ ‘അഗ്രിടെക് 2026’ ഫെബ്രുവരി 12 മുതൽ 16 വരെ കതാറ കൾചറൽ വില്ലേജിൽ നടക്കും. സർക്കാർ മേഖലകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പ്രാദേശിക -അന്തർദേശീയ കമ്പനികൾ, കാർഷിക വിദഗ്ധർ എന്നിവരുൾപ്പെടെ 400ലധികം പവിലിയനുകളുമായി വിപുലമായ പങ്കാളിത്തത്തോടെയാണ് അഗ്രകൾചറൽ എക്സിബിഷൻ സംഘടിപ്പിക്കുന്നത്. വിശാലമായ സ്ഥലസൗകര്യവും അന്താരാഷ്ട്ര പങ്കാളിത്തവും ഉറപ്പാക്കി പ്രദർശനത്തിന്റെ ഏറ്റവും വലിയ പതിപ്പായിരിക്കും ഇത്തവണ സംഘടിപ്പിക്കുക. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനും പുതിയ നിക്ഷേപ അവസരങ്ങൾ കണ്ടെത്തുന്നതിനും ഇത് സഹായിക്കും.
കാർഷിക ഉൽപന്നങ്ങൾക്കും, കൃഷിക്ക് ആവശ്യമായ ചെറു ഉപകരണങ്ങൾ മുതൽ യന്ത്രവത്കൃത സാമഗ്രികൾ, വൈവിധ്യ തരം തേനുകള്‍, പച്ചക്കറി -പഴ വര്‍ഗങ്ങള്‍, കരകൗശല ഉല്പന്നങ്ങള്, സൗന്ദര്യവര്‍ധക സാമഗ്രികള്‍, അരി-ഭക്ഷ്യ എണ്ണ തുടങ്ങി പലവ്യഞ്ജനങ്ങള്‍ വരെ കാര്‍ഷിക പ്രദര്‍ശനമായ അഗ്രിടെക്കില്‍ നിന്ന് വാങ്ങാനും പരിചയപ്പെടാനും അവസരമുണ്ട്. കൃഷി, ഭക്ഷ്യസുരക്ഷ, ലൈവ് സ്റ്റോക്ക്, ഫിഷറീസ് മേഖലകളിലെ ഉല്പന്നങ്ങളും സേവനങ്ങളുമാണുള്ളത്. ഖത്തരി കാര്‍ഷിക മേഖലയുടെ പുരോഗതി ലക്ഷ്യമിടുന്നതിനാല്‍ പ്രദര്‍ശനത്തിന് പ്രത്യേക പ്രാധാന്യമുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കാർഷിക മേഖലയിലുണ്ടായ രാജ്യത്തിന്റെ ദ്രുതഗതിയിലുള്ള മുന്നേറ്റവും സുസ്ഥിരമായ കാർഷിക വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള കാഴ്ചപ്പാടും പ്രകടമാക്കുന്നതാണ് പ്രദർശനമെന്ന് അഗ്രികൾചർ അഫയേഴ്സ് ഡിപാർട്ട്മെന്റ് ഡയറക്ടറും സംഘാടക സമിതി അധ്യക്ഷനുമായ യൂസഫ് ഖാലിദ് അൽ ഖുലൈഫി പറഞ്ഞു. സാംസ്കാരിക പ്രാധാന്യവും സന്ദർശകരെ ആകർഷിക്കാനുള്ള കഴിവും കണക്കിലെടുത്താണ് പ്രദർശനത്തിനായി 'കതാറ' തിരഞ്ഞെടുത്തതെന്നും അദ്ദേഹം പറഞ്ഞു.
പ്രദർശനത്തിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാൻ അന്താരാഷ്ട്ര തലത്തിൽ വിപുലമായ മീഡിയ പ്ലാൻ തയാറാക്കിയതായി മന്ത്രാലയത്തിലെ പി.ആർ ഡയറക്ടർ ഡോ. ഫൈഖ അബ്ദുല്ല അഷ്കനാനി അറിയിച്ചു.
40,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ ഒരുക്കിയ വിശാലമായ എക്സിബിഷൻ പവിലിയനിൽ അഞ്ച് ദിവസങ്ങളിലായി സസ്യ -മൃഗ പരിപാലനം, മത്സ്യകൃഷി, ഹോർട്ടികൾചർ, ഭക്ഷ്യവ്യവസായം, സ്മാർട്ട് അഗ്രികൾചറൽ സിസ്റ്റംസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി സ്റ്റാളുകൾ ഒരുക്കിയിട്ടുണ്ട്.
കൂടാതെ, കർഷക ചന്ത, തേൻ വിപണി, ഈന്തപ്പഴ വിപണി, പൂക്കളുടെ വിപണി തുടങ്ങിയ പ്രത്യേക മാർക്കറ്റുകളും ഒരുക്കിയിട്ടുണ്ട്.ഹലാൽ സോൺ, അനിമൽ ടെന്റ്, ലൈവ് കുക്കിങ് സോൺ, കുട്ടികൾക്കായുള്ള കാർഷിക വർക്ക്ഷോപ്പുകൾ തുടങ്ങിയ വിനോദപരിപാടികളും കാർഷിക പ്രദർശനത്തിന്റെ ഭാഗമായി നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

