ദോഹ: വഖ്റയിലും അല്മസ്റുഅയിലും ശീതീകരണ സംവിധാനമുള്ള രണ്ട് സ്ഥിരം കാര്‍ഷിക ചന്തകള്‍ കൂടി തുറക്കുന്നു. പ്രാദേശിക കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും പ്രോത്സാഹിപ ്പിക്കുകയാണ് ലക്ഷ്യം. നിലവിലെ കാര്‍ഷിക ചന്തകള്‍ ശൈത്യകാല സീസണില്‍ മാത്രമാണ് പ്രവര്ത്തിക്കുകയെങ്കില് പുതിയ രണ്ട് കാര്‍ഷിക ചന്തകൾ വര്‍ഷത്തിലുടനീളം പ്രവര്‍ത്തിക്കും. നിലവിലുള്ള ചന്തകളേക്കാള്‍ വിസ്തീര്‍ണം കൂടുതലുണ്ടാകും. കൂടുതല്‍ പ്രാദേശിക ഫാമുകള്‍ക്ക് പുതിയ യാര്‍ഡിെൻറ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷികകാര്യ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന കാര്‍ഷിക സീസണില്‍ ഈ രണ്ടു ചന്തകളും പ്രവര്‍ത്തനം തുടങ്ങും. പ്രാദേശിക ഫാമുകളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളായിരിക്കും ഇവിടെ വില്‍പ്പന നടത്തുക. നിലവില്‍ അല്മസ്റുഅ, അല്‍വഖ്റ, അല്‍ഖോര്‍ ദഖീറ, അല്ശഹാനിയ, അല്‍ശമാല്‍ എന്നിവിടങ്ങളില്‍ കാര്‍ഷിക ചന്തകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് രണ്ടു സ്ഥിരം എസി ചന്തകള്‍ കൂടി തുടങ്ങുന്നത്. പ്രാദേശിക കാര്‍ഷികോത്പന്നങ്ങളുടെ വിപണനം, മാര്‍ക്കറ്റിങ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയം നടത്തുന്ന പരിപാടികളുടെ ഭാഗമാണ് പുതിയ കാര്‍ഷിക ചന്തകള്‍.
പുതിയ ചന്തകള്‍ തുടങ്ങുന്നതിനൊപ്പം നിലവിലെ കാര്‍ഷിക ചന്തകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മന്ത്രാലയത്തിലെ കാര്‍ഷികകാര്യ വകുപ്പ് ഡയറക്ടര്‍ യൂസുഫ് ഖാലിദ് അല്കുലൈഫി പറഞ്ഞു. മന്ത്രാലയത്തിെൻറ പിന്തുണയോടെയുള്ള ഗ്രീന്‍ഹൗസുകളും ഫാമുകളും വലിയതോതില്‍ പച്ചക്കറികള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. വേനലിന് പുറമെ വര്‍ഷം ഉടനീളവും ഫാമുകളില്‍ ഉത്പാദനം നടക്കുന്നുണ്ട്. അത്യാധുനിക ഫാമിങ് സാങ്കേതികവിദ്യകളാണ് ഗ്രീന്‍ഹൗസുകളില്‍ ക്രമീകരിച്ചിരിക്കുന്നത്. 2023ല്‍ പച്ചക്കറി ഉത്പാദനത്തിലെ സ്വയംപര്യാപ്തത 70ശതമാനത്തിലേക്കെത്തിക്കുകയാണ് ലക്ഷ്യം. ഇതു മുന്‍നിര്‍ത്തി വികസനപദ്ധതികളാണ് നടപ്പാക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇടനിലക്കാരുടെയോ ബ്രോക്കര്‍മാരുടെയോ ഇടപെടലില്ലാതെ ഫ്രഷ് പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പൗള്‍ട്രി, മുട്ട, മറ്റു ഉത്പന്നങ്ങള്‍ എന്നിവ കുറഞ്ഞ വിലക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഈ ചന്തയിലൂടെ ലഭിക്കുന്നത്. പ്രാദേശിക ഉത്പാദനം വര്‍ധിക്കുകയും വിപണിയില്‍ പ്രാദേശിക പച്ചക്കറികള്‍ക്ക് ആവശ്യകതയേറുകയും ചെയ്തിട്ടുണ്ട്.