2028ഓടെ 200 ദശലക്ഷം ഡോളർ ലക്ഷ്യമിട്ട് കാർഷിക വിപണി
text_fieldsഖത്തറിൽ പച്ചക്കറി ഫാമിൽനിന്നുള്ള ദൃശ്യം
ദോഹ: ഭക്ഷ്യസുരക്ഷയുടെ ഭാഗമായി സുസ്ഥിരവും മികവുറ്റതുമായ സാങ്കേതികവിദ്യകൾ കാർഷിക മേഖലയിലേക്ക് വികസിപ്പിക്കുന്നതിന്റെ ഭാഗമായി കാർഷിക വളർച്ച വർധിക്കുമെന്ന് വിദഗ്ധർ. 2028ഓടെ ഖത്തറിന്റെ കാർഷിക വിപണി 200 ദശലക്ഷം ഡോളർ കവിയും.
കുറഞ്ഞ മഴയും ഉയർന്ന താപനിലയും ഖത്തറിന്റെ കാലാവസ്ഥയുടെ സവിശേഷതയാണെന്നും ഈ വെല്ലുവിളികൾക്കിടയിലും കഴിഞ്ഞ കാലയളവുകളിൽ സുസ്ഥിരവും മികവുറ്റതുമായ കാർഷിക സാങ്കേതികവിദ്യകൾ സ്വീകരിച്ച് ഭക്ഷ്യസുരക്ഷയും സ്വയംപര്യാപ്തതയും കൈവരിക്കുന്നതിൽ രാജ്യം മുന്നോട്ടാണെന്നും ഖത്തറിലെ ടെക്സസ് എ-എം സർവകലാശാലയിലെ പോസ്റ്റ് ഡോക്ടറൽ റിസർച്ച് അസോസിയേറ്റ് ഫാതിമ ഗസ്സാൻ അലബ്താ പറഞ്ഞു.
മാലിന്യ സംസ്കരണം, പുനരുപയോഗം, സുസ്ഥിരത എന്നിവയെ ആധാരമാക്കി മുനിസിപ്പാലിറ്റി മന്ത്രാലയം സംഘടിപ്പിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
ഖത്തറിന്റെ പച്ചക്കറി ഉൽപാദനം ഈ വർഷത്തോടെ 1,03,000 മെട്രിക് ടണ്ണായി വർധിച്ചതിനാൽ കാർഷികോൽപാദനത്തിൽ 70 ശതമാനം ഭക്ഷ്യസുരക്ഷ കൈവരിക്കാൻ സാധിച്ചിരുന്നു. 2021ലെ ഭക്ഷ്യസുരക്ഷാ നയത്തിന്റെ പല ലക്ഷ്യങ്ങളും ഇക്കാലയളവിൽ കൈവരിച്ചു. 2020ൽ ഖത്തറിന്റെ കാർഷിക വിപണിമൂല്യം 143.55 മില്യൺ ഡോളറായിരുന്നു. 2028ൽ ഇത് 209.7 മില്യൺ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കാർഷിക വളർച്ചയുടെ ഫലമായി ജൈവമാലിന്യത്തിൽ ചോളംപോലുള്ള വിള അവശിഷ്ടങ്ങളും തണ്ടും ഇലയും പോലുള്ള കാർഷിക അവശിഷ്ടങ്ങളും ഉൾപ്പെടുത്തിയതിനാൽ ജൈവമാലിന്യ ഉൽപാദനം വർധിച്ചതായും ഫാതിമ ഗസ്സാൻ ചൂണ്ടിക്കാട്ടി.ഈ മാലിന്യങ്ങൾ സാധാരണയായി കത്തിക്കുകയോ മാലിന്യനിക്ഷേപത്തിൽ സംസ്കരിക്കുകയോ ചെയ്യുന്നതിനാൽ ഇവ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്നും അവർ ഓർമിപ്പിച്ചു.
ജൈവമാലിന്യങ്ങളിൽനിന്ന് നാരുകൾ വേർതിരിച്ചെടുത്ത് പോളിമർ കോമ്പോസിറ്റ് ഘടകങ്ങളുടെ നിർമാണത്തിലുപയോഗിച്ചാൽ മൂല്യമേറിയ ഉൽപന്നങ്ങളുണ്ടാക്കാമെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

