വിദ്യാർഥികൾക്ക് കാർഷിക പാഠങ്ങളുമായി 'നമ്മുടെ അടുക്കളത്തോട്ടം'
text_fieldsനമ്മുടെ അടുക്കളത്തോട്ടം ദോഹ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ‘യങ് ഫാർമർ’ മത്സരത്തിെൻറ തൈകൾ വിതരണം പി.എൻ. ബാബുരാജ് നിർവഹിക്കുന്നു
ദോഹ: സ്കൂൾ വിദ്യാർഥികളിലെ കാർഷികവൃത്തിയെ പ്രോത്സാഹിപ്പിക്കാൻ 'യങ് ഫാർമർ മത്സരവുമായി ദോഹയിലെ കാർഷിക കൂട്ടായ്മയായ 'നമ്മുടെ അടുക്കളത്തോട്ടം' രംഗത്ത്. നല്ല ഇനം പച്ചക്കറി തൈകളും ചെടികളുടെ വളർച്ചക്ക് ആവശ്യമായ പോഷകമൂലകങ്ങളും വളങ്ങളും നൽകി കൃഷിക്ക് പ്രോത്സാഹനം നൽകിയാണ് മത്സരം സംഘടിപ്പിക്കുന്നത്. വീട്ടിലെ അടുക്കളത്തോട്ടത്തിൽ ഏറ്റവും നന്നായി കൃഷിചെയ്ത് കൂടുതൽ വിളവെടുക്കുന്നവരെ വിജയികളായി പ്രഖ്യാപിക്കും. മത്സരത്തോടൊപ്പം കൃഷിരീതികൂടി പകർന്നുനൽകുന്ന പരിപാടിയിൽ ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള 40 വിദ്യാർഥികൾ പങ്കെടുക്കുന്നുണ്ട്. നുഐജയിലെ ഇന്ത്യൻ കമ്യൂണിറ്റി സെൻററിൽ നടന്ന ചടങ്ങിൽ ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജ് തൈകളുടെയും മറ്റും വിതരണം ഉദ്ഘാടനം നിർവഹിച്ചു. കുട്ടികളിൽ കൃഷിയെ കുറിച്ചുള്ള അറിവ് വളർത്തുകയും പുതുതലമുറയെ കൃഷി പഠിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ 40 സ്കൂൾ കുട്ടികളടക്കം 60ഓളം പേർ പങ്കെടുത്തു. അഗ്രി ഖത്തർ, സഫാരി, റേഡിയോ മലയാളം എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി. നമ്മുടെ അടുക്കളത്തോട്ടം പ്രസിഡൻറ് ബെന്നി തോമസ് സ്വാഗതം പറഞ്ഞു. അഗ്രി ഖത്തർ എം.ഡി മുഹമ്മദ് ഷഫീക്, സഫാരി ഗ്രൂപ് ഡയറക്ടർ ഷഹീൻ, അഗ്രി ഖത്തർ പ്രതിനിധി അനീഷ് എന്നിവർ ആശംസകൾ നേർന്നു. ചെടികൾക്ക് അത്യാവശ്യമായ പോഷകങ്ങളും വളവും അഗ്രി ഖത്തർ നൽകി. പോഷകങ്ങളും വളങ്ങളും ഉപയോഗിക്കുന്ന രീതികളെകുറിച്ച് ഡോ. സപ്ന വിശദീകരിച്ചു. കമ്മിറ്റി അംഗങ്ങളായ അംബര പവിത്രൻ, റംല സമദ്, യാസർ, ജവഹർ, സിറോസ്, സൂരജ്, അനിൽ, രമ സിറോസ്, മാധവികുട്ടി, റസിയ എന്നിവർ പങ്കെടുത്തു. ജിജി അരവിന്ദ് നന്ദി അറിയിച്ചു. 2022 ഫെബ്രുവരിയിൽ വിജയികളെ പ്രഖ്യാപിക്കും. പ്രത്യേകം വാട്സ് ആപ് ഗ്രൂപ് രൂപവത്കരിച്ച് കുട്ടികളുടെ കൃഷിയുടെ വളർച്ച വിലയിരുത്തുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ഇടവേളയിൽ തോട്ടം സന്ദർശനം നടത്തിയുമെല്ലാമാണ് പരിപാടിയുടെ സംഘാടനം.