കാർഷിക-പരിസ്ഥിതി പ്രദർശനം 10 മുതൽ
text_fieldsമുൻവർഷങ്ങളിലെ കാർഷിക-പരിസ്ഥിതി പ്രദർശനത്തിൽനിന്ന് (ഫയൽ ചിത്രം)
ദോഹ: ഒമ്പതാമത് ഖത്തർ ഇന്റർനാഷനൽ കാർഷിക, പരിസ്ഥിതി പ്രദർശനത്തിന് മാർച്ച് പത്തിന് തുടക്കം കുറിക്കും. മുനിസിപ്പാലിറ്റി, പരിസ്ഥിതി-കാലാവസ്ഥ വ്യതിയാന മന്ത്രാലയത്തിനു കീഴിലാണ് ദോഹ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെന്ററിൽ രാജ്യത്തെ ഏറ്റവും വലിയ കാർഷിക, പരിസ്ഥിതി പ്രദർശനത്തിന് തുടക്കം കുറിക്കുന്നത്. അഞ്ചുദിവസം നീളുന്ന പരിപാടി 14ന് അവസാനിക്കും.
ഖത്തറിലെയും രാജ്യാന്തര തലത്തിലെയും 650ഓളം സ്ഥാപനങ്ങൾ പ്രദർശനത്തിൽ പങ്കാളികളാവും. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ രക്ഷാകർതൃത്വത്തിലാണ് ഫെസ്റ്റ്. ഖത്തരി കാർഷിക മേഖലക്ക് പുതിയ വാതായനങ്ങൾ തുറക്കാനും മികവ് പ്രദർശിപ്പിക്കാനും രാജ്യാന്തര എക്സിബിഷൻ വേദിയൊരുക്കുമെന്ന് സംഘാടക സമിതി ചെയർമാനും മുനിസിപ്പാലിറ്റി മന്ത്രാലയം പബ്ലിക് പാർക് വിഭാഗം ഡയറക്ടറുമായ മുഹമ്മദ് അലി അൽ കൗറി പറഞ്ഞു.
കോവിഡ് മഹാമാരിക്കുശേഷം ഖത്തർ വേദിയാവുന്ന ഏറ്റവും വലിയ രാജ്യാന്തര മേളയായിരിക്കും കാർഷിക പ്രദർശനമെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക, പരിസ്ഥിതി, ഭക്ഷ്യ, മൃഗ ഉൽപാദന മേഖലകളിൽ നിന്നുള്ള സ്റ്റാളുകൾ പ്രദർശനത്തിനുണ്ടാവും. 50 രാജ്യങ്ങൾ അതത് എംബസികളുമായി സഹകരിച്ച് പ്രദർശനത്തിന്റെ ഭാഗമാവും.