യു.എസിൽ ഖത്തറിന് വ്യോമസേന കേന്ദ്രം സ്ഥാപിക്കാൻ ധാരണ
text_fieldsദോഹ: അമേരിക്കയിലെ ഐഡഹോയിലുള്ള മൗണ്ടൻ ഹോം എയർ ബേസിൽ ഖത്തർ വ്യോമസേന കേന്ദ്രം സ്ഥാപിക്കാൻ ധാരണ. ദോഹയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് ഖത്തറിന് സംരക്ഷണം നൽകുന്ന അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവ് വന്നതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.
എഫ് 15 യുദ്ധവിമാനങ്ങളും പൈലറ്റുമാരും ഉൾപ്പെടുന്ന വ്യോമസേന കേന്ദ്രം നിർമിക്കാൻ ഖത്തറിന് അനുമതി നൽകുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പ്രഖ്യാപിച്ചു. ഐഡഹോയിലെ എയർ ബേസിൽ ഖത്തർ അമീരി എയർഫോഴ്സ് കേന്ദ്രം നിർമിക്കുന്നതിനുള്ള സമ്മതപത്രത്തിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചു. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധകാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ഹസൻ ബിൻ അലി ആൽഥാനിയുടെ യു.എസ് സന്ദർശന വേളയിലാണ് പുതിയ പ്രഖ്യാപനത്തിന് ധാരണയായത്.
സംയുക്ത വ്യോമ പരിശീലനം മെച്ചപ്പെടുത്തുന്നതിനും പരസ്പര പ്രവർത്തനക്ഷമത വർധിപ്പിക്കുന്നതിനും ഖത്തരി എഫ്-15 വിമാനങ്ങളുടെയും പൈലറ്റുമാരുടെയും ഒരു സംഘത്തിന് അമേരിക്കയിൽ ആതിഥേയത്വം ഒരുക്കുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തലിനും ബന്ദികളെ മോചിപ്പിക്കുന്നതിനും, അഫ്ഗാനിസ്ഥാനിൽ നിന്നുള്ള യു.എസ് പൗരന്റെ മോചനത്തിലുള്ള സഹായത്തിനും ഖത്തർ വഹിച്ച മധ്യസ്ഥക്ക് ഹെഗ്‌സെത്ത് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

