പ്രവാസികൾക്കും കളിയും വിനോദവും
text_fieldsക്യൂ.എസ്.എ.എഫ്-ഡബ്ല്യൂ.എസ്.എഫ്.ഐ പ്രതിനിധികൾ ധാരണപത്രത്തിൽ ഒപ്പുവെച്ചപ്പോൾ
ദോഹ: പ്രവാസികളുടെ കായിക പങ്കാളിത്തം സജീവമാക്കാൻ കൈകോർത്ത് ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷനും (ക്യു.എസ്.എ.എഫ്), വർക്കേഴ്സ് സപ്പോർട്ട് ആൻഡ് ഇൻഷുറൻസ് ഫണ്ടും (ഡബ്ല്യൂ.എസ്.എഫ്.ഐ). തൊഴിലാളികൾ ഉൾപ്പെടെ പ്രവാസി സമൂഹത്തിന്റെ കായിക, വിനോദ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി ഇരുവിഭാഗവും കരാറിൽ ഒപ്പുവെച്ചു.
കമ്യൂണിറ്റി തലത്തിൽ കായിക വിനോദ പ്രവർത്തനങ്ങൾ വ്യാപകമാക്കാനുള്ള കായിക, യുവജന മന്ത്രാലയത്തിന്റെ പദ്ധതികളുടെ ഭാഗമായി രാജ്യത്തെ പ്രവാസി ജനതക്കായി വിവിധ കായിക വിനോദ പരിപാടികൾ സംഘടിപ്പിക്കുകയാണ് കരാറിലൂടെ ലക്ഷ്യമിടുന്നത്. കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ക്യു.എസ്.എ.എഫ് എക്സിക്യൂട്ടിവ് ഡയറക്ടർ അബദുല്ല അൽ ദോസരിയും ഡബ്ല്യൂ.എസ്.ഐ.എഫ് എക്സിക്യൂട്ടിവ് ഡയറക്ടർ ഖുലൂദ് ബിൻത് സൈഫ് അൽ കുബൈസിയും കരാറിൽ ഒപ്പുവെച്ചു.
സമൂഹത്തിലെ വലിയ വിഭാഗങ്ങൾക്ക് താൽപര്യമുള്ള കമ്യൂണിറ്റി പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ മുൻനിരയിലുണ്ടാകുമെന്നും എല്ലാ വിഭാഗങ്ങൾക്കും കായിക പ്രവർത്തനങ്ങളിലൂടെ പരിശീലനം നടത്താനുള്ള സുവർണവസരമാണിതെന്നും അബ്ദുല്ല അൽ ദോസരി പറഞ്ഞു.
രാജ്യത്തെ തൊഴിലാളികൾക്ക് മികച്ച ഭാവി ഉറപ്പാക്കുകയെന്ന വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് കരാറെന്നും അൽ ദോസരി കൂട്ടിച്ചേർത്തു. ഖത്തറിന്റെ വികസനത്തിന്റെ പ്രധാന സംരംഭങ്ങളിലൊന്നായ തൊഴിൽപരവും സാമൂഹികവുമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രതിബദ്ധതയും കരാർ അടിവരയിടുന്നതായി അൽ ദോസരി പറഞ്ഞു.
ഈ വർഷം മുതൽ എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സ്ത്രീകൾക്കായി റമദാനിൽ കായിക മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് നേരത്തേ ക്യു.എസ്.എ.എഫ് പ്രഖ്യാപിച്ചിരുന്നു.
2022 ഫിഫ ലോകകപ്പ് ഖത്തറിന് മുന്നോടിയായി തൊഴിലാളികൾക്കായി വർക്കേഴ്സ് കപ്പിന്റെ വിവിധ പതിപ്പുകളും അധികൃതർ സംഘടിപ്പിച്ചിരുന്നു. ഫുട്ബാൾ, ബാസ്കറ്റ്ബാൾ, ക്രിക്കറ്റ്, വോളിബാൾ എന്നിവയുൾപ്പെടെ വിവിധ കായിക ഇനങ്ങളുമായി വർക്കേഴ്സ് കപ്പ് സജീവമായിരുന്നു. 20 ലക്ഷത്തോളം വരുന്ന ഖത്തറിലെ പ്രവാസി സമൂഹത്തിന്റെ കായിക താൽപര്യങ്ങൾക്ക് പുത്തൻ ഊർജം പകരുന്നതാണ് പുതിയ നീക്കം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

