വീണ്ടും ശക്തമായ മഴയും മിന്നലും; വരുംദിവസങ്ങളിലും തുടരും
text_fieldsദോഹ: ഏതാനും ദിവസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് ശക്തമായ മഴയും കാറ്റും മിന്നലും. ശനിയാഴ്ച ഉച്ചയോടെയാണ് മിക്കവാറും എല്ലാ ഭാഗങ്ങളിലും മഴ ലഭിച്ചത്. ശക്തമായ ഇടിമിന്നലും അനുഭവപ്പെട്ടു. കനത്ത മഴയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങുകയും ചെയ്തു. റോഡുകളിലും വെള്ളം കെട്ടിയതോടെ ഗതാഗതം സാവധാനത്തിലായി. ചില ഭാഗങ്ങളിൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. രാജ്യത്തിെൻറ വടക്കൻ ഭാഗങ്ങളിലാണ് ശക്തമായ മഴ അനുഭവപ്പെട്ടു. ദോഹ, വക്റ ഭാഗങ്ങളിൽ നല്ല മഴയുണ്ടായിരുന്നു. ഖത്തർ മീറ്ററോളജിക്കൽ ഡിപ്പാർട്ട്മെൻറ് വെള്ളിയാഴ്ച തന്നെ ശക്തമായ മഴ പ്രവചിച്ചിരുന്നു. കനത്ത മഴക്കുള്ള സാധ്യത കണക്കിലെടുത്ത് അധികൃതർ കരുതൽ നടപടികളും സ്വീകരിച്ചിരുന്നു. അതേസമയം, വരും ദിവസങ്ങളിലും ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ ഭാഗങ്ങളിൽ മഴ ലഭിച്ചേക്കാം. കാലാവസ്ഥ മേഘാവൃതമാകുകയും ഇടിമിന്നലോടെ മഴയുണ്ടാകുമെന്നുമാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്.
40 നോട്ട് വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമായിരിക്കും. ഇൗ സാഹചര്യത്തിൽ കടലിലും തീരത്തും വിനോദത്തിന് അടക്കം പോകുന്നത് ഒഴിവാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മുനിസിപ്പാലിറ്റി, പരിസ്ഥിതി മന്ത്രാലയത്തിലെ റെയിൻഫാൾ എമർജൻസി കമ്മിറ്റി അറിയിച്ചു. മഴ സംബന്ധിച്ച എല്ലാ റിപ്പോർട്ടുകളും വിളികളും മുനിസിപ്പൽ ഒാപറേഷൻസ് റൂമിൽ അറിയിക്കാം. അതേസമയം, മുനിസിപ്പാലിറ്റികളിലെ എമർജൻസി സംഘങ്ങൾക്ക് 130 മണിക്കൂർ തുടർച്ചയായി പ്രവർത്തിക്കുകയും കഴിഞ്ഞയാഴ്ച പെയ്ത മഴയിൽ കെട്ടിനിന്ന 380 ദശലക്ഷം ഗാലൻ വെള്ളം നീക്കുകയും െചയ്തതായി റെയിൻഫാൾ എമർജൻസി കമ്മിറ്റി മേധാവി സഫർ മുബാറക്ക് അൽ ഷാഫി വ്യക്തമാക്കി. പബ്ലിക് വർക്സ് അതോറിറ്റി (അശ്ഗാൽ) യുമായി സഹകരിച്ചും പ്രവർത്തിക്കുന്നുണ്ട്. മഴയുടെ സാഹചര്യത്തിൽ എല്ലാ രീതിയിലുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും പ്രധാന റോഡുകളും ടണലുകളും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും അശ്ഗാൽ സാമൂഹികമാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ശനിയാഴ്ച ഉച്ചക്ക് പെയ്ത മഴയിൽ ഹൈവേകളിലോ ടണലുകളിലോ വെള്ളം കെട്ടിനിൽക്കുന്നില്ലെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
