സിൽക്ക് റൂട്ടിന്റെ മഹിമയുമായി അഫ്ഗാൻ പവിലിയൻ
text_fieldsദോഹ എക്സ്പോ വേദിയിലെ അഫ്ഗാൻ പവിലിയൻ
ദോഹ: സിൽക്ക് പാതയുടെയും മനുഷ്യ കുടിയേറ്റത്തിന്റെയും പൗരാണിക കേന്ദ്രബിന്ദുകളിലൊന്നായി അറിയപ്പെടുന്ന രാജ്യത്തിന്റെ ചരിത്രവും പൈതൃകവുമായി ദോഹ എക്സ്പോയിൽ അഫ്ഗാനിസ്താൻ പവിലിയൻ. അഫ്ഗാനിസ്താന്റെ ചരിത്രം പ്രദർശിപ്പിക്കുന്ന ഉൽപന്നങ്ങളും കരകൗശല വസ്തുക്കളും പവിലിയന്റെ പ്രധാന സവിശേഷതകളിലൊന്നാണ്.
പ്രകൃതിദത്ത തുകൽ വസ്ത്രങ്ങൾ, വിവിധ ഇനങ്ങളിലുള്ള പരിപ്പുകൾ, ഉണക്കിയ പഴങ്ങൾ, മൗണ്ടെയിൻ ബദാം, പ്രസിദ്ധമായ പഞ്ചസാര പൊതിഞ്ഞ ബദാം, നീളമുള്ള പൈൻ പരിപ്പ്, വാൽനട്ട്, വിവിധ തരം ഉണക്കിയ ബെറികൾ, ആപ്രിക്കോട്ട്, കറുപ്പ് ഉണക്കമുന്തിരി, അത്തിപ്പഴം, പിസ്ത തുടങ്ങിയ അഫ്ഗാൻ ഉൽപന്നങ്ങൾ പവിലിയനിലുണ്ട്.
കരകൗശല വസ്തുക്കളുടെയും രത്നക്കല്ലുകളുടെയും വലിയ ശേഖരം സന്ദർശകരെ ഏറെ ആകർഷിക്കുന്നു. കൂടാതെ പ്രകൃതിയിൽ നിന്നും പ്രചോദനമുൾക്കൊണ്ടുള്ള വൈവിധ്യമാർന്ന നിറങ്ങളിൽ പ്രകൃതിദത്ത സിൽക്ക് ഉപയോഗിച്ച് അതിമനോഹരമായ ഡിസൈൻ രൂപങ്ങളും പവിലിയനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കുങ്കുമം, ക്രിസ്റ്റലൈസ്ഡ് പഞ്ചസാര, പർവതമുകളിലെ തേൻ എന്നിവയുമുണ്ട്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധിയാളുകളാണ് പവിലിയൻ ദിനേന സന്ദർശിക്കുന്നതെന്നും സന്ദർശകർ ഏറെ എത്തുന്നത് വളരെയധികം പ്രയോജനപ്പെടുന്നുവെന്നും അഫ്ഗാൻ പവിലിയന് മേൽനോട്ടം വഹിക്കുന്ന അഹ്മദ് ഷാ പറഞ്ഞു. ആഗോള പ്രസിദ്ധമായതും ഉയർന്ന നിലവാരത്തിലുള്ളതുമായ അഫ്ഗാൻ ഉൽപന്നങ്ങൾ വാങ്ങാൻ നിരവധി സന്ദർശകരെത്തുന്നതായും ഷാ കൂട്ടിച്ചേർത്തു.ഖത്തറിന്റെ കഴിവിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള വിശ്വാസത്തെയാണ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ പ്രതിഫലിക്കുന്നതെന്നും ഫിഫ ലോകകപ്പ് 2022ന്റെ വിജയകരമായ സംഘാടനം ഇതിന് ആക്കം കൂട്ടിയെന്നും അഹ്മദ് ഷാ ചൂണ്ടിക്കാട്ടി.
അഫ്ഗാൻ പവിലിയനിൽ പ്രദർശിപ്പിച്ച വസ്തുക്കൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

