ദോഹ: ഇന്തോനേഷ്യയിൽ നടക്കുന്ന എ.എഫ്.സി അണ്ടർ 19 ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ ഖത്തർ ക്വാർട്ടറിൽ.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തിൽ ചൈനീസ് തായ്പേയിയെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തെറിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യൻമാരായാണ് അന്നാബികൾ അവസാന എട്ടിൽ സ്ഥാനമുറപ്പിച്ചത്. ആതിഥേയരായ ഇന്തോനേഷ്യയാണ് ഗ്രൂപ്പിൽ നിന്ന് ക്വാർട്ടറിൽ പ്രവേശിച്ച മറ്റൊരു ടീം. അതേസമയം, ഗ്രൂപ്പിൽ അതുവരെ ഒന്നാമതായിരുന്ന യു.എ.ഇ ഗോൾ ശരാശരിയുടെ അടിസ്ഥാനത്തിൽ പുറത്ത് പോയി. ചൈനീസ് തായ്പേയിക്കെതിരെ വ്യക്തമായ ആധിപത്യമാണ് ഖത്തർ മത്സരത്തിലുടനീളം പുറത്തെടുത്തത്. ഹാശിം അലിയുടെ ഇരട്ടഗോളുകളാണ് ഖത്തറിനെ ഗ്രൂപ്പ് ജേതാക്കളാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത്.
ആദ്യപകുതിയിൽ ഒന്നിലധികം സുവർണാവസരങ്ങൾ ഖത്തരി യുവതാരങ്ങളെ തേടിയെത്തിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. രണ്ടാം പകുതിയിൽ തായ്പേയിയെ കീറി മുറിക്കുന്നതാണ് കണ്ടത്. ഖാലിദ് മൻസൂർ (57'), ഹാശിം അലി(61', 77'), അബ്ദുറഷീദ് ഉമറു(86') എന്നിവരാണ് ഖത്തറിനായി ലക്ഷ്യം കണ്ടത്. 2014ലെ ജേതാക്കളായ ഖത്തർ, ക്വാർട്ടറിൽ ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാരുമായി ഏറ്റുമുട്ടും. സെമിയിൽ പ്രവേശിക്കുന്ന ടീമുകൾക്ക് അടുത്ത വർഷം നടക്കുന്ന ഫിഫ അണ്ടർ–20 ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാകുമെന്നതിനാൽ ക്വാർട്ടർ മത്സരം ഖത്തറിന് കടുത്തതാകും.