ഇത് ഏറ്റവും മികച്ച ഏഷ്യൻ കപ്പ് -എ.എഫ്.സി പ്രസിഡന്റ്
text_fieldsദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിനുള്ള ഖത്തറിന്റെ തയാറെടുപ്പിനെ അഭിനന്ദിച്ച് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം ആൽ ഖലീഫ. ടൂർണമെന്റിൽ മാറ്റുരക്കുന്ന 24 ടീമുകൾക്കും എ.എഫ്.സി പ്രസിഡന്റ് വിജയാശംസകൾ നേർന്നു. അടിയന്തര സാഹചര്യത്തിൽ 2022 ഒക്ടോബറിൽ ഏഷ്യൻ കപ്പിനുള്ള ആതിഥേയത്വമേറ്റെടുത്തതു മുതൽ ഖത്തർ അവിസ്മരണീയമായ ഒരുക്കങ്ങളാണ് ടൂർണമെന്റിനായി നടത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
വൻകരയുടെ മികച്ച ഫുട്ബാൾ മേളക്ക് വിജയകരമായ വേദിയൊരുക്കാനുള്ള ഖത്തറിന്റെ ആത്മവിശ്വാസവും കഴിവും പ്രശംസനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
വൻകരയിലെ ദശലക്ഷം ഫുട്ബാൾ ആരാധകരും ടീമുകളും സംഘാടകരും ആവേശത്തോടെ കാത്തിരിക്കുന്ന കളിയുത്സവത്തിനാണ് ഖത്തർ വേദിയാകുന്നത്. ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റായിരിക്കും ഒരുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
‘ഖത്തർ ആതിഥേയത്വം ഏറ്റെടുത്തതോടെ ലോകകപ്പ് വേദിയിൽ നടക്കുന്ന ആദ്യ ഏഷ്യൻ കപ്പായി ഈ പതിപ്പ് മാറിയിരുന്നു. ഒപ്പം ആദ്യമായി വനിത റഫറിമാരെ ഒരുക്കിയും ചരിത്രം കുറിച്ചു.
വിഡിയോ അസിസ്റ്റന്റ് റഫറിയിങ് സംവിധാനവും സെമി ഓട്ടോമേറ്റഡ് ഓഫ് സൈഡ് ടെക്നോളജിയും ഖത്തറിൽ അരങ്ങേറുകയാണ്. എല്ലാ അർഥത്തിലും ഒന്നാം നമ്പർ ഏഷ്യൻ കപ്പായി ഖത്തർ മാറും’ -ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

