നന്മകളുടെ വിളംബരവുമായി സാഹസിക കടൽയാത്ര നാലുമുതൽ
text_fieldsഫത്ഹുൽ ഖൈർ പത്തേമാരി (ഫയൽ ചിത്രം)
ദോഹ: ഖത്തറിന്‍റെ നന്മകൾ വിളിച്ചോതിക്കൊണ്ടുള്ള സാഹസിക കടൽയാത്രയായ ഫത്ഹുൽ ഖൈർ പത്തേമാരി യാത്ര ഈ മാസം നാലിന് ആരംഭിക്കുമെന്ന് കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു.
മാൾട്ടയിൽനിന്ന് ആരംഭിക്കുന്ന യാത്ര ഇറ്റലി, ഫ്രാൻസ്, സ്പെയിൻ തുറമുഖങ്ങളും സന്ദർശിക്കും.
കതാറ ജനറൽ മാനേജർ പ്രഫ. ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽസുലൈതിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം നടത്തിയ വാർത്തസമ്മേളനത്തിലാണ് ഫത്ഹുൽ ഖൈർ-അഞ്ച് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. ഫത്ഹുൽ ഖൈർ കാപ്റ്റൻ മുഹമ്മദ് യൂസുഫും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
ഖത്തറിന്‍റെ തനത് സമുദ്ര പൈതൃക, പാരമ്പര്യം സംബന്ധിച്ച് പുറംനാടുകളിൽ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടൊപ്പം ഈ വർഷത്തെ ഫത്ഹുൽ ഖൈർ ഖത്തർ ഫിഫ ലോകകപ്പിനെ കൂടുതൽ പേരിലേക്കെത്തിക്കുകയെന്ന സുപ്രധാന ധർമവും നിർവഹിക്കും.
സമുദ്ര മേഖലയിൽ ഖത്തറിന്‍റെ പ്രതാപവും പാരമ്പര്യവും നിലനിർത്തുന്നതോടൊപ്പം ഈ മേഖലയിലെ സമ്പന്നമായ പൈതൃകം സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓരോ ഫത്ഹുൽ
ഖൈർ യാത്രയും സംഘടിപ്പിക്കുന്നത്. മുത്ത് വാരൽ യുഗങ്ങളിലെ തങ്ങളുടെ പൂർവ പിതാക്കന്മാരുടെ ജീവിതോപാധി കണ്ടെത്തലും അവരുടെ ജീവിതരീതി സംബന്ധിച്ച് പരിചയപ്പെടുത്തലും കടൽയാത്രയിലെ ഖത്തറിന്‍റെ സമ്പന്നമായ ഭൂതകാലവും പുതിയ തലമുറക്ക് പരിചയപ്പെടുത്തലും ഇതിലൂടെ ഇതിലൂടെ ലക്ഷ്യമിടുന്നതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മാൾട്ടയിൽനിന്ന് നാലിന് ആരംഭിക്കുന്ന യാത്ര ഇറ്റലിയുടെ ദക്ഷിണ ഭാഗത്തേക്ക് നീങ്ങും.
സിസിലിയ, നേപ്പിൾസ്, റോം, ജെനോവ തുറമുഖങ്ങളിൽ നങ്കൂരമിടുകയും ചെയ്യും. പിന്നീട് മൊണാക്കോ തുറമുഖത്തേക്ക് നീങ്ങുന്ന കപ്പൽ, കാൻസ്, മാർസെലിയ എന്നിവിടങ്ങളിലൂടെ സ്പെയിനിലെ ബാഴ്സലോണ തുറമുഖത്ത് അവസാനിക്കും. ഒന്നര മാസം നീളുന്ന യാത്ര ആഗസ്റ്റ് മധ്യത്തോടെ പൂർത്തിയാകും. ഫത്ഹുൽ ഖൈർ-അഞ്ച് യാത്രയുടെ ലോഞ്ചിങ്ങിനായുള്ള എല്ലാ തയാറെടുപ്പുകളും പൂർത്തിയായതായും അൽയസ്വയിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 18 സെയിലർമാരും യാത്രയിലുൾപ്പെടുമെന്ന് ക്യാപ്റ്റൻ മുഹമ്മദ് യൂസുഫ് വാർത്താസമ്മേളനത്തിൽ കൂട്ടിേച്ചർത്തു. പാരമ്പര്യരീതിയിൽ മരത്താൽ നിർമിച്ച പായ്ക്കപ്പൽ ഒന്നര മാസക്കാലം 5700 കി.മീ. ദൂരം കടൽ താണ്ടുമെന്നും ഇത് ഏറെ ശ്രദ്ധേയമായിരിക്കുമെന്നും വാർത്താസമ്മേളനത്തിൽ അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

