ഖത്തറിലെ തുറമുഖ ചരക്കുനീക്കത്തിൽ മുന്നേറ്റം; യാത്ര, കാര്‍ഗോ നീക്കങ്ങളില്‍ വര്‍ധന
text_fieldsദോഹ: ചരക്കുനീക്കത്തിൽ വൻ വർധന രേഖപ്പെടുത്തി ഖത്തറിലെ തുറമുഖങ്ങൾ. സെപ്റ്റംബറിൽ രാജ്യത്തെ ഹമദ്, റുവൈസ്, ദോഹ തുറമുഖങ്ങളിലൂടെ 124,740 ട്വന്റി ഫൂട്ട് ഇക്വിവലന്റ് യൂനിറ്റ് (ടി.ഇ.യു) ചരക്കുനീക്കം നടന്നതായി മവാനി ഖത്തർ എക്സ് പോസ്റ്റിൽ പങ്കുവെച്ചു. ഇത് കഴിഞ്ഞ ആഗസ്റ്റ് മാസത്തെ അപേക്ഷിച്ച് 12 ശതമാനം വർധനയാണുണ്ടായത്. അത്യാധുനിക സൗകര്യങ്ങളുള്ള ഖത്തറിലെ തുറമുഖങ്ങൾ മേഖലയിൽ വ്യാപാരത്തിന്റെ കേന്ദ്രമായി അതിവേഗം മാറുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു. റോറോ ചരക്കുനീക്കത്തിൽ 34 ശതമാനം വർധനയുണ്ടായിട്ടുണ്ട്. ജനറൽ ബൾക്ക് കാർഗോ ചരക്കുകളുടെ ആകെ അളവ് 45,000 ടൺ കവിഞ്ഞു. 12,397 റോറോ യൂനിറ്റുകളും 3,881 കന്നുകാലികളും 36,879 ടൺ നിർമാണ സാമഗ്രികളും സെപ്റ്റംബറിൽ എത്തിച്ചേർന്നു. ഈ കാലയളവിവിൽ മൂന്ന് തുറമുഖങ്ങളിലായി 231 കപ്പലുകളാണെത്തിയത്. അതേസമയം, കഴിഞ്ഞ ആഗസ്റ്റിൽ ഖത്തറിലെ തുറമുഖങ്ങളിലൂടെ 126,481 ടി.ഇ.യു ചരക്കുനീക്കമാണ് നടന്നത്. രാജ്യത്തെ സമുദ്രഗതാഗത മേഖല വളര്‍ച്ചയുടെ പാതയിലാണ്. ഏഷ്യ, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെ വിപണികളുമായി ബന്ധിപ്പിക്കുന്ന കണ്ണിയായി ഖത്തറിലെ തുറമുഖങ്ങൾ പ്രവർത്തിക്കുന്നു. തുറമുഖങ്ങളുടെ വളർച്ചയിലൂടെ, കയറ്റുമതി സുഗമമാക്കിയും പ്രാദേശിക വ്യവസായങ്ങൾക്ക് വിദേശ വിപണികളിലേക്ക് പ്രവേശിക്കാനുള്ള അവസരം ഒരുക്കിയും മറൈൻ ടൂറിസം പ്രോത്സാഹിപ്പിച്ചും രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങൾക്ക് ഊർജം പകരുന്നു.
ലോകത്തെ നൂറിലധികം തുറമുഖങ്ങളുമായി കണക്ടിവിറ്റി ബന്ധമുള്ള ഹമദ് തുറമുഖം ചരക്കുകളുടെ സുരക്ഷിതവും സുതാര്യമുമായ കൈമാറ്റം ഉറപ്പാക്കുന്നു. മേഖലയിലെ ഏറ്റവും വലിയതും പരിസ്ഥിതി സൗഹൃദവുമായ ഹമദ് പോർട്ടിൽ കാര്യക്ഷമവും ഉയർന്ന അളവിലുള്ള ചരക്ക് കൈമാറ്റം സാധ്യമാക്കുന്നതിലൂടെയും അന്താരാഷ്ട്ര വ്യാപാരം സുഗമമാക്കുന്നതിനും അതുവഴി ഖത്തറിന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിലും സഹായിക്കുന്നു.
ഖത്തർ നാഷനൽ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഹമദ് പോർട്ട്, ദോഹ, അൽ റുവൈസ് എന്നീ തുറമുഖങ്ങൾ നിർണായക പങ്ക് വഹിക്കുന്നു.
തുറമുഖ പ്രവർത്തനങ്ങളുടെ വിപുലീകരണത്തിലൂടെ ലോജിസ്റ്റിക്സ്, വിതരണ ശൃംഖല മേഖലകളെ ശക്തിപ്പെടുത്തി സാമ്പത്തിക മേഖലയുടെ വൈവിധ്യവത്കരണത്തിന് സഹായിക്കുന്നു. തുറമുഖങ്ങളിൽ അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട പ്രവർത്തനശേഷിയും ഒരുക്കി രാജ്യത്തെ ഒരു പ്രമുഖ ആഗോള വ്യാപാര ഹബ്ബാക്കി മാറ്റാനാണ് എംവാനി ഖത്തർ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

