പുതിയ മെട്രാഷ് ആപ്പിൽ വിപുലമായ സേവനങ്ങൾ -ആഭ്യന്തര മന്ത്രാലയം
text_fieldsദോഹ: പുത്തൻ സവിശേഷതകളുമായി ആഭ്യന്തര മന്ത്രാലയം അവതരിപ്പിച്ച പുതിയ മെട്രാഷ് ആപ്പിൽ വിപുലമായ സേവനങ്ങൾ ലഭ്യമാണെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജാസിം അൽ ബൂഹാഷിം അൽ സഈദ് പറഞ്ഞു.
ഉപയോക്താക്കളുടെ വിവരങ്ങളിലേക്കും ആവശ്യങ്ങളിലേക്കും പ്രവേശനം കൂടുതൽ ലളിതവും കാര്യക്ഷമവുമാക്കുന്നതിന് പ്രൊഫൈൽ, അംഗീകാരം, അറിയിപ്പുകൾ എന്നിവയുടെ സേവനങ്ങൾ പുതുതായി ചേർത്ത പ്രധാന സവിശേഷതകളാണെന്ന് ബ്രിഗേഡിയർ അൽ സഈദ് വ്യക്തമാക്കി. രേഖകൾ നേരിട്ടെത്തിക്കുന്നതിനുള്ള ഡെലിവറി സേവനങ്ങൾക്കായി അഡ്രസ് മാനേജ്മെന്റ്, വ്യത്യസ്ത സേവനങ്ങളുടെ ലൊക്കേഷനുകൾ, വിസ ഇഷ്യൂ ചെയ്യുന്നതിനുള്ള പാസ്പോർട്ട് സ്കാനിങ് എന്നിവയും പുതുതായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. സർട്ടിഫിക്കറ്റുകൾ നൽകുന്നതിനും വീണ്ടും അച്ചടിക്കുന്നതിനും പങ്കിടുന്നതിനും എല്ലാ സുരക്ഷാ സേവനങ്ങളും ലളിതമായി ഉപയോഗപ്പെടുത്തുന്നതിനുമായി പുതിയ ഐക്കണുകൾ ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഖത്തർ ഐ.ഡികൾ പുതുക്കുന്നതിനും നഷ്ടപ്പെട്ടതോ കേടുപാട് സംഭവിച്ചതോ ആയ ഐ.ഡികൾ മാറ്റുന്നതിനുമുൾപ്പെടെ ജി.സി.സി പൗരന്മാർക്ക് പ്രത്യേക സേവനങ്ങളുമുണ്ട് -അദ്ദേഹം വിശദീകരിച്ചു.
ആഭ്യന്തര മന്ത്രാലയം കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ ജാസിം അൽ ബൂഹാഷിം അൽ സഈദ്.
നവംബറിൽ മികച്ച അറബ് സ്മാർട്ട് ഗവൺമെന്റ് ആപ്പിനുള്ള അറബ് ഗവൺമെന്റ് എക്സലൻസ് അവാർഡ് മെട്രാഷ് കരസ്ഥമാക്കിയിരുന്നു. പുതുമയും ഡിജിറ്റൽ വികസനവും പ്രോത്സാഹിപ്പിക്കുന്നതിൽ ആപ്പിനുള്ള അംഗീകാരത്തെയാണ് അവാർഡ് പ്രതിഫലിപ്പിക്കുന്നത്. സമയം ലാഭിക്കുന്നതിനും ഇടപാടുകൾ ലളിതമാക്കുന്നതിനും കാര്യക്ഷമമാക്കുന്നതിനും ആഭ്യന്തര മന്ത്രാലയം സേവനങ്ങൾ പൂർണമായും ഡിജിറ്റൈസ് ചെയ്യുന്നതിനുള്ള ശ്രമങ്ങളിലാണെന്ന് അൽ സഈദ് സൂചിപ്പിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.