ഖത്തറിൽ ഒമ്പത് പ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളിൽ പ്രവാസി വിദ്യാർഥികൾക്കും പ്രവേശനം
text_fieldsദോഹ: സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസികളുടെ മക്കൾക്ക് തെരഞ്ഞെടുത്ത ഒമ്പത് പ്രദേശങ്ങളിലെ സർക്കാർ സ്കൂളുകളിൽ പ്രവേശനത്തിന് അവസരമൊരുക്കി വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം. 2022–2023 അധ്യായന വർഷത്തിലേക്ക് നിർദിഷ്ട മേഖലകളിലെ സ്കൂളുകളിലേക്ക് പ്രവേശനം നേടുന്നതിനായി രജിസ്റ്റർ ചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അധികൃതർ അറിയിച്ചു.
അൽ ശമാൽ സിറ്റി, ദുഖാൻ സിറ്റി, അൽ കരാന, അൽ ഗുവൈരിയ, അൽ സുബാറ, അൽ കഅ്ബാൻ, അൽ ജാമിലിയ്യ, അൽ ഖറാസ, റൗദത് റാഷിദ് എന്നീ വിദൂര സ്ഥലങ്ങളിൽ താമസിക്കുന്നവർക്ക് അതത് പ്രദേശത്തെ സർക്കാർ സ്കൂളുകളിൽ അടുത്ത അധ്യായന വർഷത്തിലേക്ക് പ്രവേശനം നേടാനാകുമെന്ന് സ്കൂൾകാര്യ വിഭാഗം ഉപദേഷ്ടാവ് റാഷിദ് സഅദ് അൽ മുഹന്നദി പറഞ്ഞു.
റൗദത് റാഷിദിലൊഴികെ മറ്റു പ്രദേശങ്ങളിലെ സ്കൂളുകളിലെല്ലാം പ്രവാസികളായ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം നേടാനാകും. റൗദത് റാഷിദിൽ പെൺകുട്ടികളെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും ഖത്തർ റേഡിയോക്ക് നൽകിയ അഭിമുഖത്തിൽ അൽ മുഹന്നദി ചൂണ്ടിക്കാട്ടി.
റൗദത് റാഷിദിൽ പെൺകുട്ടികൾക്കായി പുതിയ സ്കൂൾ ആരംഭിച്ചിട്ടുണ്ടെന്നും പരിമിതമായ സീറ്റുകൾ മാത്രമാണവിടെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. വിദൂര പ്രദേശങ്ങളിൽ സ്വകാര്യ സ്കൂളുകൾ ഇല്ലാത്തത് കാരണമാണ് സർക്കാർ സ്കൂളുകളിൽ പ്രവാസികളായ വിദ്യാർഥികൾക്ക് പ്രവേശനം നൽകുന്നതെന്നും അൽ മുഹന്നദി സൂചിപ്പിച്ചു.