പ്രവാസികളുടെ വിഷയങ്ങളിൽ നടപടി സ്വീകരിക്കണം; പ്രിയങ്ക ഗാന്ധി എം.പിക്ക് നിവേദനം നൽകി
text_fieldsദോഹ: ഖത്തർ പ്രവാസികളുടെ വിവിധ വിഷയങ്ങൾ ചൂണ്ടിക്കാണിച്ച് ഒ.ഐ.സി.സി ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രിയങ്ക ഗാന്ധി എം.പിക്ക് നിവേദനം നൽകി. എം.പിയുടെ മുക്കം ഓഫിസിൽ എത്തിയാണ് നിവേദനം നൽകിയത്. ഖത്തറിൽ ഇന്ത്യൻ സ്കൂളുകളിൽ കെ.ജി വൺ മുതൽ പ്ലസ് ടുവരെ സ്കൂൾ സീറ്റിന്റെ അപര്യാപ്തത ഖത്തർ പ്രവാസികളായ കുടുംബങ്ങളുടെ നീറുന്ന പ്രശ്നമാണ്. മറ്റ് ജി.സി.സി രാജ്യങ്ങളിലൊക്കെ എംബസിയുടെ മേൽനോട്ടത്തിൽ ഇന്ത്യൻ സ്കൂളുകൾ ഉള്ളപ്പോൾ ഖത്തറിൽ അത്തരത്തിൽ ഒരു സംവിധാനത്തിന്റെ അഭാവം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണമെന്നും വിഷയം പാർലമെന്റിൽ അവതരിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ മലയാളികളാണ് ജോലി ചെയ്യുന്നത്. അതിൽ ഭൂരിപക്ഷവും മലബാറിൽനിന്നുള്ളവരാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം, കാസർകോട് ജില്ലകളിൽനിന്നുള്ള യാത്രക്കാർ കോഴിക്കോട് ഇന്റർനാഷനൽ എയർപോർട്ടിനെയും കണ്ണൂർ എയർപോർട്ടിനെയുമാണ് ആശ്രയിക്കുന്നത്. ഈ വിമാനത്താവളങ്ങളിൽ വിദേശ വിമാന സർവിസുകൾ കുറവാണ്. അതിനാൽ, ഈ വിമാനത്താവളങ്ങളിൽനിന്ന് കൂടുതൽ സർവിസ് നടത്താനുള്ള ശ്രമങ്ങൾക്കായി ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
വെക്കേഷൻ സമയത്ത് നാട്ടിലേക്ക് പോകുമ്പോൾ ഉയർന്ന ടിക്കറ്റ് നിരക്കാണ് വിമാന കമ്പനികൾ ഈടാക്കുന്നത്. സ്കൂൾ അവധിക്കാലത്ത് നാട്ടിലേക്ക് കുടുംബസമേതം പോകാൻ തയാറാകുന്ന സാധാരണക്കാരായവർക്ക് വലിയ ഭാരമാണ് വിമാന കമ്പനികൾ ടിക്കറ്റ് ചാർജിൽ എടുക്കുന്നത്. അതിനാൽ, വിമാന യാത്രയുമായി ബന്ധപ്പെട്ട മലബാറിലെ ഗൾഫ് യാത്രികരുടെ കാര്യത്തിൽ കേന്ദ്ര ഗവണ്മെന്റുമായി ബന്ധപ്പെട്ട് ഇടപെടലുകൾ നടത്തണം. പ്രവാസി വോട്ട് വിഷയം, ഖത്തറിൽനിന്ന് മരണപ്പെട്ടുന്ന ഇന്ത്യക്കാരുടെ മൃതദേഹം നടപടികൾ പൂർത്തീകരിച്ച് പെട്ടെന്ന് നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിക്കണമെന്നത് അടക്കമുള്ള ആവശ്യങ്ങളും നിവേദനത്തിൽ ഉൾപ്പെടുത്തയിരുന്നു.
ഡൽഹിയിൽ എത്തിയശേഷം ലോക്സഭ പ്രതിപക്ഷ നേതാവുമായും കേരളത്തിൽനിന്നുള്ള എം.പിമാരുമായും പാർട്ടിയുമായും സംസാരിച്ച് ലോക്സഭയിൽ വിഷയം അവതരിപ്പിക്കാമെന്ന് എം.പി ഉറപ്പ് നൽകി. കെ.പി.സി.സി വർക്കിങ് പ്രസിഡന്റ് എ.പി. അനിൽ കുമാർ എം.എൽ.എ, ഡി.സി.സി കോഴിക്കോട് പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ എന്നിവരുടെ സാന്നിധ്യത്തിലാണ് നിവേദനം കൈമാറിയത്. ഇൻകാസ് - ഒ.ഐ.സി.സി ഖത്തർ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് വിപിൻ പി.കെ. മേപ്പയ്യൂർ നിവേദനം കൈമാറി. വർക്കിങ് പ്രസിഡന്റ് ഗഫൂർ ബാലുശ്ശേരി, വൈസ് പ്രസിഡന്റ് അമീർ കെ.ടി, സെക്രട്ടറി സൗബിൻ ഇലഞ്ഞിക്കൽ, ദീപക് വേണുഗോപാൽ, സഫ്ദർ ഹാഷിം എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

