അപകടമരണം; അഞ്ചുപേർക്ക് ജന്മനാട്ടിൽ അന്ത്യനിദ്ര
text_fieldsദോഹ: ഖത്തറിൽ അപകടത്തിൽ മരിച്ച മലയാളികൾ ഉൾപ്പെടെ അഞ്ചുപേർക്ക് ചൊവ്വാഴ്ച ജന്മനാടുകളിൽ അന്ത്യനിദ്രയൊരുക്കും. തിങ്കളാഴ്ച രാത്രിയോടെ ദോഹയിൽനിന്ന് വിമാനമാർഗം മൃതദേഹങ്ങൾ ചൊവ്വാഴ്ച പുലർച്ചയോടെ ജന്മനാടുകളിലെത്തിച്ചു. പെരുന്നാൾ ദിനമായ ബുധനാഴ്ച രാത്രിയിൽ അൽ ഖോറിലുണ്ടായ അപകടത്തിൽ മരിച്ച മലയാളി ദമ്പതികൾ കൊല്ലം കരുനാഗപ്പള്ളി സ്വദേശി റോഷിന് ജോണ്‍ (38), ഭാര്യ ആന്‍സി ഗോമസ് (30) എന്നിവരുടെ മൃതദേഹങ്ങൾ ദോഹയിൽനിന്ന് തിങ്കളാഴ്ച രാത്രി 7.30ന് പുറപ്പെട്ട ഖത്തർ എയർവേസ് വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിച്ചത്. വീടുകളിലെത്തിച്ചശേഷം രാവിലെ ഒമ്പതോടെ കൊല്ലം ശക്തികുളങ്ങര ജോൺ ഡി ബ്രിട്ടോ പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
ആന്‍സിയുടെ സഹോദരന് ജിജോ ഗോമസിന്റെ (34) മൃതദേഹം ഖത്തർ എയർവേസ് വിമാനത്തിൽ കൊച്ചിയിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും. വൈകീട്ട് നാലിന് കൊല്ലം അഴീക്കൽ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.
ഇവർക്കൊപ്പം അപകടത്തിൽ മരിച്ച തമിഴ്നാട് സ്വദേശികളായ പ്രവീൺകുമാർ ശങ്കർ (38), നാഗലക്ഷ്മി ചന്ദ്രശേഖരൻ (32) എന്നിവരുടെ മൃതദേഹം രാത്രി 10.30നുള്ള ശ്രീലങ്കൻ എയർവേസിൽ തൃശ്ശിനാപ്പള്ളി വിമാനത്താവളത്തിലെത്തിച്ച് ബന്ധുക്കൾക്ക് കൈമാറും. ഖത്തർ കെ.എം.സി.സി ‘അൽ ഇഹ്സാൻ’ മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്.
ഇന്ത്യൻ എംബസി, ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം എന്നിവർ ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കിയിരുന്നു. വിമാനത്താവളത്തിൽനിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനായി നോർക്ക ആംബുലൻസ് സേവനവും ഒരുക്കിയിട്ടുണ്ട്.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ആൻസിയുടെയും റോഷിന്റെയും മൂന്നുവയസ്സുള്ള മകൻ ഏദൻ സിദ്ര മെഡിസിനിൽ ചികിത്സയിൽ തുടരുകയാണ്. കുട്ടിയുടെ പിതാവ് റോഷിന്റെ സഹോദരൻ കഴിഞ്ഞ ദിവസം ദോഹയിലെത്തിയിരുന്നു. അപകടനില ഇപ്പോഴും തരണംചെയ്യാത്തതിനാൽ കുഞ്ഞിനെ നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് പിന്നീട് മാത്രമേ തീരുമാനമെടുക്കാൻ കഴിയൂ.
ബുധനാഴ്ച രാത്രിയിലായിരുന്നു അല്‍ഖോറിലെ ഫ്ളൈഓവറില്‍ ഇവര്‍ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടത്. അമിതവേഗതയിലെത്തിയ മറ്റൊരു വാഹനം പിന്നിലിടിച്ച് നിയന്ത്രണംവിട്ട്, മേൽപാലത്തിൽനിന്ന് താഴെ വീണായിരുന്നു അപകടം. പെരുന്നാൾ അവധി ആഘോഷിക്കാൻ ദോഹയിൽനിന്ന് ഒന്നിച്ച് പുറപ്പെട്ട സംഘത്തിലെ അഞ്ചുപേരും തൽക്ഷണം മരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

