കണ്ണീരോർമയായി അവർ മണ്ണോടണഞ്ഞു
text_fieldsജസ്ന, റൂഹി മെഹ്റിൻ എന്നിവരുടെ മൃതദേഹം മൂവാറ്റുപുഴയിലെ വീട്ടിലെത്തിച്ചപ്പോൾ തടിച്ചുകൂടിയ ജനം
ദോഹ: പ്രവാസലോകത്തെയും നാടിനെയും കണ്ണീരിലാക്കിയ ആറു ദിവസത്തിനൊടുവിൽ, പ്രിയപ്പെട്ടവരെ സാക്ഷിയാക്കി അവർ നാലുപേരും മണ്ണോടുചേർന്നു. കെനിയയിൽ അപകടത്തിൽപെട്ട ഖത്തർ മലയാളികളായ അഞ്ചുപേരിൽ നാലുപേർക്കും ഞായറാഴ്ചയോടെ സ്വന്തം നാടുകളിൽ അന്ത്യനിദ്ര. കഴിഞ്ഞ തിങ്കളാഴ്ച കെനിയയിലെ ന്യാൻഡറുവ കൗണ്ടിയിൽ നടന്ന അപകടത്തിൽ മരിച്ച അഞ്ചുപേരുടെയും മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെയാണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ശനിയാഴ്ച വൈകുന്നേരം നൈറോബിയിൽനിന്ന് പുറപ്പെട്ട ഖത്തർ എയർവേസ് വിമാനത്തിലായിരുന്നു മൃതദേഹങ്ങളും മരിച്ചവരുടെ അടുത്ത ബന്ധുക്കളുമെത്തിയത്. സംസ്ഥാന സർക്കാറിനുവേണ്ടി മന്ത്രി പി. രാജീവാണ് നെടുമ്പാശ്ശേരിയിൽ മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്.
കെനിയയിൽ അപകടത്തിൽ മരിച്ച ഖത്തർ പ്രവാസി റിയ ആൻ, മകൾ ടൈറ എന്നിവരുടെ മൃതദേഹം പാലക്കാട്ടെ വീട്ടിലെത്തിച്ചപ്പോൾ
തുടർന്ന് ആംബുലൻസുകളിലായി മൃതദേഹങ്ങൾ ജന്മനാടുകളിലെത്തിക്കുകയായിരുന്നു.മൂവാറ്റുപുഴ സ്വദേശിനി ജസ്ന, ഒന്നരവയസ്സുള്ള മകൾ റൂഹി എന്നിവരുടെ മൃതദേഹങ്ങൾ വഹിച്ചുള്ള ആംബുലൻസ് പേഴയ്കാപ്പിള്ളിയിലെ വീട്ടിലെത്തി. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് മുഹമ്മദ് എന്ന മുന്നയും പ്രിയപ്പെട്ടവളുടെയും മകളുടെയും ചേതനയറ്റ മൃതദേഹങ്ങൾക്കൊപ്പം വീട്ടിലെത്തിയിരുന്നു.വീട്ടിൽ ഉറ്റബന്ധുക്കൾക്ക് അന്ത്യദർശനത്തിന് അവസരമൊരുക്കിയശേഷം ഉച്ചയോടെ ജുമാമസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.പാലക്കാട് മണ്ണൂർ സ്വദേശിനിയായ റിയ ആൻ, മകൾ ടൈറ എന്നിവരുടെ മൃതദേഹങ്ങൾ ഉച്ചകഴിഞ്ഞാണ് വീട്ടിലെത്തിച്ചത്. ഒരു മണിക്കൂറോളം വീട്ടിൽ പൊതുദർശനത്തിനു വെച്ചശേഷം, ഭർത്താവ് ജോയൽ ജോസഫിന്റെ സ്വദേശമായ കോയമ്പത്തൂരിലെ പോത്തന്നൂരിലെത്തിച്ചാണ് സംസ്കരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഭർത്താവ് ജോയൽ, മകൻ ട്രാവിസ് എന്നിവരും റിയയുടെയും ടൈറയുടെയും മൃതദേഹത്തിന് അകമ്പടിയായി എത്തിയിരുന്നു.അപകടത്തിൽ മരിച്ച എറണാകുളും സ്വദേശിനി ഗീത ഷോജിയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ചൊവ്വാഴ്ച സംസ്കരിക്കും.
ഖത്തറിൽനിന്ന് വിനോദയാത്ര പോയ 28 അംഗ സംഘം സഞ്ചരിച്ച ബസ് തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് മധ്യ കെനയയിലെ മലയോര മേഖലയിൽ അപകടത്തിൽപെട്ടത്. കേരളം, കർണാടക, തമിഴ്നാട്, ഗോവ ഉൾപ്പെടെ സംസ്ഥാനക്കാരായ ഖത്തർ പ്രവാസികളായിരുന്നു ദോഹയിൽനിന്നുള്ള ട്രാവൽ ഏജൻസിയുടെ കെനിയൻ യാത്രാ സംഘത്തിലുണ്ടായിരുന്നത്. ബലിപെരുന്നാൾ ദിനമായ ജൂൺ ആറിന് പുറപ്പെട്ട സംഘം, ജൂൺ 11ന് ഖത്തറിൽ തിരികെ എത്തിനിരിക്കെയാണ് ഒമ്പതാം തീയതി അപകടത്തിൽപെട്ടത്. മലയാളികളായ അഞ്ചുപേരും തൽക്ഷണം മരിക്കുകയായിരുന്നു. യാത്രാസംഘത്തിലെ 23 പേർക്ക് പരിക്കേറ്റു. അപകടം നടന്ന ന്യാഹുരുരുവിലും പിന്നീട് നൈറോബിയിലുമായി ചികിത്സ തേടിയവർ ശനിയാഴ്ചയോടെ ആശുപത്രി വിട്ടിരുന്നു. നിസ്സാര പരിക്കേറ്റവരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിലായി ദോഹയിലുമെത്തി.അപകടത്തിനു പിന്നാലെ, ട്രാവൽ ഏജൻസി പ്രതിനിധികൾ കെനിയയിലും നാട്ടിലുമെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

