ആതിഥേയത്വം ഏറ്റുവാങ്ങി; നീന്തൽ പോരാട്ടമൊരുക്കം
text_fieldsലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ് 2024ന്റെ ആതിഥേയത്വം സ്വീകരിച്ചുകൊണ്ടുള്ള പതാക - ശൈഖ് ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ ഏറ്റുവാങ്ങുന്നു
ദോഹ: ലോക കായികമേളകളുടെ തട്ടകമായി മാറിയ ഖത്തറിലേക്ക് അടുത്ത പോരാട്ടത്തിനുള്ള കൊടിയേറ്റമാവുന്നു. 2024 ഫെബ്രുവരിയിൽ ദോഹ വേദിയാവുന്ന ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിനുള്ള ഔദ്യോഗിക ലോഗോ കഴിഞ്ഞ ദിവസം ജപ്പാനിലെ ഫുകോകയിൽ പുറത്തിറക്കി. ജപ്പാനിൽ സമാപിച്ച ലോക അക്വാട്ടിക് ചാമ്പ്യൻഷിപ്പിന്റെ സമാപന വേദിയിലായിരുന്നു അടുത്ത വേദിയിലേക്കുള്ള ബാറ്റൺ കൈമാറ്റമായി ലോഗോ പുറത്തിറങ്ങിയത്.
ഒപ്പം, ആതിഥേയത്വ സൂചനയായി കൊടിയും കൈമാറി. ഖത്തർ ഒളിമ്പിക്സ് കമ്മിറ്റി സെക്രട്ടറി ജനറലും ദോഹ ലോക അക്വാട്ടിക് ചാമ്പ്യൻഷിപ് സംഘാടക സമിതി വൈസ് ചെയർമാനുമായ ജാസിം ബിൻ റാഷിദ് അൽബുഐനൈൻ ആതിഥേയത്വത്തിന്റെ സൂചനയായി വേൾഡ് അക്വാട്ടിക് പതാക ഏറ്റുവാങ്ങി.
ലോകമെങ്ങുമുള്ള നീന്തൽ താരങ്ങളും വിവിധ അക്വാട്ടിക് താരങ്ങളും മാറ്റുരക്കുന്ന ഫിന വേൾഡ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിന് ആദ്യമായാണ് ഒരു അറബ് രാജ്യം വേദിയാകാൻ ഒരുങ്ങുന്നത്. ജൂലൈ 14 മുതൽ 30വരെ ജപ്പാനിലെ ഫുകോകയിൽ നടന്ന 20ാമത് ചാമ്പ്യൻഷിപ്പിൽ 195 രാജ്യങ്ങളിൽ നിന്നായി 2392 താരങ്ങളാണ് മാറ്റുരച്ചത്.
നീന്തൽ, ഓപൺ വാട്ടർ സ്വിമ്മിങ്, ആർട്ടിസ്റ്റിക് സ്വിമ്മിങ്, ഡൈവിങ്, ഹൈ ഡൈവിങ്, വാട്ടർ പോളോ തുടങ്ങിയ വിവിധ ഇനങ്ങളിലായി 75ഓളം ഇനങ്ങളിലായാണ് മത്സരങ്ങൾ നടന്നത്. ഖത്തറും അറബ് ലോകവും സാക്ഷിയാവുന്ന ഏറ്റവും വലിയ ജലകായിക പോരാട്ടം കൂടിയാവും അടുത്ത വർഷം ഫെബ്രുവരിയിൽ ദോഹയിൽ നടക്കുന്നത്. രണ്ടു മുതൽ 18 വരെയാണ് ചാമ്പ്യൻഷിപ്.
ലോകകപ്പ് ഫുട്ബാളിലൂടെ അന്താരാഷ്ട്ര കായിക വേദികളിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയ ഖത്തർ 2024 ജനുവരി-ഫെബ്രുവരിയിൽ ഏഷ്യൻ കപ്പ് ഫുട്ബാളിന് വേദിയൊരുക്കുന്നതിനിടെയാണ് ലോക അക്വാട്ടിക് പോരാട്ടത്തിനും ഒരുങ്ങുന്നത്.
ലോക ചാമ്പ്യൻഷിപ്പിനുള്ള ആതിഥേയത്വം പ്രൗഢഗംഭീരമായ വേദിയിൽനിന്ന് ഏറ്റുവാങ്ങിയതായി ശൈഖ് ജാസിം ബിൻ റാഷിദ് പറഞ്ഞു. ലോക കായിക മേളകൾക്ക് വേദിയൊരുക്കാനുള്ള ഖത്തറിന്റെ അടിസ്ഥാന സൗകര്യങ്ങൾക്കും സംഘാടന മികവിനും സാങ്കേതിക മികവിനുമുള്ള അംഗീകാരം കൂടിയാണ് ലോക അക്വാട്ടിക്സ് ചാമ്പ്യൻഷിപ്പും ദോഹയിലെത്തുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏറ്റവും മികവോടെയുള്ള കായിക നേതൃത്വത്തിന്റെ കൂടി തിളക്കമാണ് ഈ നേട്ടങ്ങൾ. സംഘാടക സമിതി ചെയർമാൻകൂടിയായ ഒളിമ്പിക് കമ്മിറ്റി അധ്യക്ഷൻ ശൈഖ് ജുആൻ ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിന്റെ വിജയംകൂടിയാണിത് -ശൈഖ് ജാസിം ബിൻ റാഷിദ് പറഞ്ഞു.
ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക ബ്രാൻഡായ ‘വേൾഡ് അക്വാട്ടിക്സ് ചാമ്പ്യൻഷിപ് ദോഹ 2024’ പ്രഖ്യാപനവും ജപ്പാനിലെ വേദിയിൽ നടന്നു. ഖത്തർ വേദിയാവുന്നത് ഏറ്റവും മികച്ച അന്താരാഷ്ട്ര കായിക പോരാട്ടത്തിനായിരിക്കുമെന്ന് വേൾഡ് അക്വാട്ടിക്സ് പ്രസിഡൻറ് ഹുസൈൻ അൽ മുസ്സലാം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

