ഇ-കോമേഴ്സിന് സ്വീകാര്യതയേറുന്നു
text_fieldsപി.ഒ.എസ് ഇടപാടുകളുടെ വാർഷിക കണക്ക്
ദോഹ: ഷോപ്പിലെത്തി നേരിട്ട് വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന കച്ചവടത്തിൽ നിന്നും വിപണിയുടെ ഓൺലൈൻ സ്വീകാര്യത വർധിക്കുന്നതായി റിപ്പോർട്ട്. ചില്ലറ കച്ചവടക്കാരും ഉപഭോക്താക്കളും ഓൺലൈൻ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്ന പ്രവണത കൂടുന്നതായി ഖത്തർ സെൻട്രൽ ബാങ്ക് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. മാർച്ച് മാസത്തിൽ രാജ്യത്തെ ഇ-കൊമേഴ്സ് ഇടപാടുകൾ 64.4 ലക്ഷത്തിലെത്തി. ഖത്തറിലെ പോയന്റ് ഓഫ് സെയിൽ (പി.ഒ.എസ്) ഇടപാടുകളുടെ വിശദാംശങ്ങളടങ്ങിയ റിപ്പോർട്ടാണ് ക്യു.സി.ബി പുറത്തുവിട്ടത്. ഇ-കോമേഴ്സ് ഇടപാടുകളുടെ മൂല്യത്തിൽ പ്രതിവർഷം 18.4 ശതമാനം വർധനയും മാസാടിസ്ഥാനത്തിൽ 43.5 ശതമാനം വർധനയും രേഖപ്പെടുത്തി.
പി.ഒ.എസ് ഇടപാടുകളുടെ എണ്ണം മാർച്ചിൽ 32.43 ദശലക്ഷത്തിലെത്തിയതായും, 2024ൽ 8.13 ബില്യൻ റിയാലിന്റെ മൂല്യമായിരുന്നു ഇ-കോമേഴ്സ് രംഗത്ത് രേഖപ്പെടുത്തിയതെങ്കിൽ 2023 മാർച്ചിൽ ഇത് 7.72 ബില്യൻ റിയാലും 2022ൽ 6.60 ബില്യൻ റിയാലുമായിരുന്നു. 2023 മാർച്ചിലെ രാജ്യത്തെ പി.ഒ.എസ് ഇടപാടുകളുടെ എണ്ണം 29.50 ദശലക്ഷവും തൊട്ടുമുമ്പത്തെ വർഷത്തിൽ ഇത് 23.20 ദശലക്ഷവുമായിരുന്നു.
സ്വീകാര്യതയേറി പി.ഒ.എസ്
ഇതുവരെ രജിസ്റ്റർ ചെയ്ത പി.ഒ.എസ് ഉപകരണങ്ങളുടെ എണ്ണം 70,567 ആയി. കഴിഞ്ഞ വർഷം മാർച്ചിൽ 63,832 മെഷീനുകളും 2022ൽ 50,103വും ആയിരുന്നു. മാർച്ച് വരെ രാജ്യത്ത് 22.46 ലക്ഷം ഡെബിറ്റ് കാർഡുകളും 6.86 ലക്ഷം ക്രെഡിറ്റ് കാർഡുകളും 7.23 ലക്ഷം പ്രീപെയ്ഡ് കാർഡുകളും ഉപയോഗത്തിലുണ്ട്. വൈഫൈ കാർഡ് ഇടപാടുകൾ, ഇ-വാലറ്റ്, എം.പി.ഒ.എസ്, ക്യൂ ആർ കോഡ് സ്കാനർ, ഒൺലൈൻ ബില്ലിങ് എന്നിവ സാധ്യമാകുന്നതിനാൽ പിന്തുണക്കുന്നതിനാൽ പി.ഒ.എസ് നൂതനവും സുരക്ഷിതവും ഉയർന്ന കാര്യക്ഷമതയുമുള്ള പണമിടപാട് സേവനങ്ങളാണ് നൽകുന്നത്.
അടുത്തിടെ രാജ്യത്ത് ഡിജിറ്റൽ പണമിടപാട് സംവിധാനം വികസിപ്പിക്കാൻ ലക്ഷ്യമിട്ട് നൂതന തത്സമയ പണമിടപാട് സേവനമായ ഫവ്റാൻ സേവനത്തിന് ഖത്തർ സെൻട്രൽ ബാങ്ക് തുടക്കം കുറിച്ചിരുന്നു. ഗുണഭോക്താക്കൾക്ക് മൊബൈൽ നമ്പർ ഉപയോഗിച്ച് നിമിഷങ്ങൾക്കുള്ളിൽ പണം സ്വീകരിക്കാൻ സഹായിക്കുന്ന സേവനമാണ് ഫവ്റാൻ. മുഴുസമയം പ്രവർത്തിക്കുന്ന സേവനം മൊബൈൽ ബാങ്കിങ് ആപ്പ് വഴിയും ഡിജിറ്റൽ ചാനലുകൾ വഴിയും ഉപയോഗിക്കാം. ഹിംയാൻ ഡെബിറ്റ് കാർഡും സെൻട്രൽ ബാങ്ക് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഖത്തറിൽ രജിസ്റ്റർ ചെയ്ത വ്യാപാരമുദ്രയുള്ള ആദ്യ ദേശീയ പ്രീ-പെയ്ഡ് കാർഡാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

