അക്കാദമിക -ഗവേഷണ സഹകരണം; ദോഹ ഇൻസ്റ്റിറ്റ്യൂട്ടും ദാറുൽ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റിയും ധാരണാപത്രം ഒപ്പുവച്ചു
text_fieldsദോഹ: ഖത്തറിലെ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസും ദാറുൽ ഹുദാ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയും അക്കാദമിക -ഗവേഷണ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ധാരണാപത്രം ഒപ്പുവച്ചു. ഇൻഡോ അറബ് സാംസ്കാരിക, ബൗദ്ധിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംയുക്ത വിദ്യാഭ്യാസ, ഗവേഷണ സംരംഭങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനുമാണ് കരാർ ലക്ഷ്യമിടുന്നത്. ദോഹയില്‍ നടന്ന ചടങ്ങില്‍ ധാരണാപത്രം ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസ് പ്രസിഡന്റ് ഡോ. ഡോ.അബ്ദുൽ വഹാബ് അൽ അഫന്തിയും ദാറുൽ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്‌വിയും ഇരു സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഒപ്പുവച്ചു. അധ്യാപക-വിദ്യാർഥി വിനിമയം, മാനവികശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഭാഷാശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഗവേഷണ സഹകരണം എന്നിവ കരാർ ഉൾക്കൊള്ളുന്നു.
ഇസ് ലാമിക സര്‍വകലാശാലകളുടെ അന്തര്‍ദേശീയ കൂട്ടായ്മകളായ ഫെഡറേഷന്‍ ഓഫ് ദി യൂനിവേഴ്സിറ്റീസ് ഓഫ് ദി ഇസ് ലാമിക് വേള്‍ഡ്, ലീഗ് ഓഫ് ഇസ് ലാമിക് യൂനിവേഴ്സിറ്റീസ് എന്നിവയില്‍ നേരത്തെ തന്നെ ദാറുല്‍ ഹുദാക്ക് അംഗത്വമുണ്ട്. 2015ൽ ഖത്തറിൽ സ്ഥാപിതമായ ദോഹ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഗ്രാജുവേറ്റ് സ്റ്റഡീസ്, സാമൂഹിക ശാസ്ത്രം, മാനവികത, സാമ്പത്തിക ശാസ്ത്രം, ഭരണം, പൊതുനയം എന്നിവയിൽ എം.എ, പി.എച്ച്ഡി പ്രോഗ്രാമുകൾ വാഗ്ദാനം ചെയ്യുന്ന സ്വതന്ത്ര ഉന്നത വിദ്യാഭ്യാസ സ്ഥാപനമാണ്. ദക്ഷിണേഷ്യയും അറബ് ഗൾഫും തമ്മിലുള്ള അക്കാദമിക ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാകും കരാർ. ഇരു സ്ഥാപനങ്ങളിലെയും വിദ്യാർഥികൾക്കും അക്കാദമിക് വിദഗ്ധർക്കും പുതിയ അവസരങ്ങൾ തുറക്കാന്‍ ഇത് സഹായകമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

