നൂറോളം പേർ രക്തം നൽകി; ശ്രദ്ധേയമായി ഐ.സി.ബി.എഫ് ക്യാമ്പ്
text_fieldsഅബുഹമൂർ സഫാരി മാളിൽ സംഘടിപ്പിച്ച ഐ.സി.ബി.എഫ് രക്തദാന ക്യാമ്പിൽനിന്ന്
ദോഹ: ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) 40ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഹമദ് മെഡിക്കൽ കോർപറേഷന്റെയും സഫാരി ഗ്രൂപ്പിന്റെയും സഹകരണത്തോടെ അബുഹമൂർ സഫാരി മാളിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ഏതാണ്ട് 120 ഓളം പേർ രക്തം ദാനം ചെയ്യാനെത്തി.
ക്യാമ്പ് ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ സന്ദീപ് കുമാർ ഉദ്ഘാടനം ചെയ്തു. ഓരോ ദാതാവും മൂന്ന് പേരുടെ ജീവനാണ് രക്ഷിക്കുന്നതെന്ന് സൂചിപ്പിച്ച അദ്ദേഹം, ഖത്തറിലെ ഇന്ത്യൻ സമൂഹത്തിന്റെ പരോപകാര മനസ്സിനെ പ്രശംസിച്ചു.
ഐ.സി.ബി.എഫിന്റെ നാല് പതിറ്റാണ്ട് നീണ്ട മാനുഷിക പ്രവർത്തനങ്ങളുടെ തുടർച്ചയാണ് രക്തദാന ക്യാമ്പെന്ന് പ്രസിഡന്റ് ഷാനവാസ് ബാവ പറഞ്ഞു. ഐ.സി.സി പ്രസിഡന്റ് എ.പി മണികണ്ഠൻ, ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുൽറഹ്മാൻ, സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടർ ഷഹീൻ ബക്കർ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി വർക്കി ബോബൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സെക്രട്ടറിയും രക്തദാന ക്യാമ്പുകളുടെ കോർഡിനേറ്ററുമായ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ദീപക് ഷെട്ടി നന്ദി രേഖപ്പെടുത്തി. ഐ.സി.സി ജനറൽ സെക്രട്ടറി മോഹൻകുമാർ, സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.എസ്.സി സെക്രട്ടറി പ്രദീപ് പിള്ള തുടങ്ങി മറ്റ് നിരവധി മുതിർന്ന കമ്യൂണിറ്റി നേതാക്കളും പങ്കെടുത്തു. ഐ.സി.ബി.എഫ് ട്രഷറർ കുൽദീപ് കൗർ ബഹൽ, മാനേജിങ് കമ്മിറ്റി അംഗങ്ങളായ സമീർ അഹമ്മദ്, സറീന അഹദ്, ശങ്കർ ഗൗഡ്, അബ്ദുൾ റൗഫ് കൊണ്ടോട്ടി, കുൽവീന്ദർ സിങ്, ഉപദേശക സമിതി അംഗങ്ങളായ ടി. രാമശെൽവം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

