നീറ്റ് ഇന്ന്; ഖത്തറിൽ എഴുതുന്നത് 430ഓളം പേർ
text_fieldsഎം.ഇ.എസ് ഇന്ത്യൻ സ്കൂളിൽ കഴിഞ്ഞ വർഷം നടന്ന നീറ്റ് പരീക്ഷക്ക് വിദ്യാർഥികളെ പരിശോധന പൂർത്തിയാക്കി പ്രവേശിപ്പിക്കുന്നു (ഫയൽ)
ദോഹ: നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ (എൻ.ടി.എ) ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ ‘നാഷനൽ എലിജിബിലിറ്റി-കം എൻട്രൻസ് ടെസ്റ്റിന് (നീറ്റ്) ഒരുക്കം പൂർത്തിയാക്കി ഖത്തറിലെ ഏക പരീക്ഷ കേന്ദ്രമായ എം.ഇ.എസ് ഇന്ത്യൻ സ്കൂൾ. കഴിഞ്ഞ വർഷം ആദ്യമായി നീറ്റ് കേന്ദ്രം അനുവദിച്ച ഖത്തറിൽ ഇത്തവണ 430ലേറെ പേരാണ് പരീക്ഷ എഴുതുന്നത്. മുൻ വർഷത്തേക്കാൾ വലിയ തോതിൽ പരീക്ഷാർഥികൾ വർധിച്ചു.
പ്രവാസി സംഘടനകളുടെയും രക്ഷിതാക്കളുടെയും ആവശ്യത്തെതുടർന്ന് ഇന്ത്യൻ എംബസി ഇടപെടലിലൂടെ കഴിഞ്ഞ വർഷമാണ് ഖത്തറിൽ ആദ്യമായി നീറ്റ് കേന്ദ്രം അനുവദിച്ചത്. 340 പേരായിരുന്നു ആദ്യ വർഷത്തിൽ പരീക്ഷ എഴുതിയത്. ഇത്തവണ ഖത്തറിലെ വിവിധ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾക്കു പുറമെ, മാതാപിതാക്കൾക്കൊപ്പം അവധിക്കാലം ആഘോഷിക്കാനെത്തിയ ഇന്ത്യയിൽനിന്നുള്ള വിദ്യാർഥികളും ഖത്തറിനെ പരീക്ഷകേന്ദ്രമായി തെരഞ്ഞെടുത്തിട്ടുണ്ട്.
നീറ്റ് പരീക്ഷയെഴുതാൻ പോകുമ്പോൾ മാനദണ്ഡം പാലിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇന്ത്യൻ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. ഖത്തർ സമയം രാവിലെ 11.30 മുതൽ 2.50 വരെയാണ് എഴുത്തു പരീക്ഷ. പരീക്ഷ കേന്ദ്രമായ എം.ഇ.എസ് സ്കൂളിലെ പ്രധാന പ്രവേശന കവാടമായ അഞ്ചാംനമ്പർ ഗേറ്റിലൂടെയാണ് പ്രവേശിക്കേണ്ടത്. രാവിലെ 8.30 മുതൽ 11 വരെയാണ് പ്രവേശനസമയം.
പരീക്ഷക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി എം.ഇ.എസ് ഇന്ത്യൻ സ്കൂൾ മേലധികാരികൾ അറിയിച്ചു. പരീക്ഷ നടത്തിപ്പ് ഉൾപ്പെടെ അധ്യാപകർക്കുള്ള പരിശീലനം നേരത്തേ നൽകി. ഭാഷാധ്യാപകരാണ് പരീക്ഷ ഡ്യൂട്ടിയിൽ.
നഗരത്തിൽ ഗതാഗതത്തിരക്ക് പരിഗണിച്ച് നേരത്തേതന്നെ വിദ്യാർഥികളെ പരീക്ഷാകേന്ദ്രത്തിൽ എത്തിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. എൻ.ടി.എയുടെ മാനദണ്ഡം കർശനമായി പാലിച്ചാണ് പരീക്ഷ നടക്കുന്നത്. അതിനാൽ, സമയം വൈകുന്നതിലും മറ്റ് തയാറെടുപ്പുകളിലും വിട്ടുവീഴ്ച ഉണ്ടാവില്ല.
രക്ഷിതാക്കളെയും കൂടെവന്നവരെയും പ്രവേശിപ്പിക്കില്ല. അഡ്മിറ്റ് കാർഡിലെ മാർഗനിർദേശ പ്രകാരം അനുവദിച്ച വസ്തുക്കൾ മാത്രമേ പരീക്ഷകേന്ദ്രത്തിൽ കൊണ്ടുവരാവൂ. ജി.സി.സിയിൽ അബൂദബി, ദുബൈ, ഷാർജ (യു.എ.ഇ), ദോഹ (ഖത്തർ), മനാമ (ബഹ്റൈൻ), മസ്കത്ത് (ഒമാൻ), റിയാദ് (സൗദി അറേബ്യ), കുവൈത്ത് സിറ്റി (കുവൈത്ത്) എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രങ്ങൾ.

