ഫോബ്സ് മാഗസിൻ ‘ടോപ്പ് ഹെൽത്ത് കെയർ ലീഡേഴ്സ്’ പട്ടികയിൽ ആലുങ്ങൽ മുഹമ്മദ്
text_fieldsദോഹ: ഫോബ്സ് മാഗസിന്റെ 2026-ലെ ‘ടോപ്പ് ഹെൽത്ത് കെയർ ലീഡേഴ്സ്’ പട്ടികയിൽ അബീർ മെഡിക്കൽ ഗ്രൂപ്പ് സ്ഥാപകനും പ്രസിഡന്റുമായ ആലുങ്ങൽ മുഹമ്മദ് തുടർച്ചയായി രണ്ടാം തവണയും ഇടംനേടി. പശ്ചിമേഷ്യയിലെ ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സൃഷ്ടിച്ച മികച്ച വ്യവസായ പ്രമുഖരെയും സ്ഥാപകരെയും ആദരിക്കുന്ന ഫോബ്സിന്റെ പട്ടികയിലാണ് ആലുങ്ങൽ മുഹമ്മദ് ഇടംപിടിച്ചത്. ആരോഗ്യപരിപാലന രംഗത്ത് നൽകിയ മികച്ച സംഭാവനകളും ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളും മുൻനിർത്തിയാണ് ഈ അംഗീകാരം.
അബീർ മെഡിക്കൽ ഗ്രൂപ്പിനെ ജി.സി.സി രാജ്യങ്ങളിലും ഇന്ത്യയിലുമായി പടർന്നുപന്തലിച്ച പ്രമുഖ ആരോഗ്യസംരക്ഷണ ശൃംഖലയാക്കി മാറ്റാൻ അദ്ദേഹത്തിന് സാധിച്ചു. 1999-ൽ ജിദ്ദയിൽ ഏക പോളിക്ലിനിക്കായി തുടക്കമിട്ട അബീർ മെഡിക്കൽ ഗ്രൂപ്പ്, ഇന്ന് സൗദി അറേബ്യ, ഖത്തർ, യു.എ.ഇ, ഒമാൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി വ്യാപിച്ചുകിടക്കുന്ന വമ്പൻ ആരോഗ്യ ശൃംഖലയായി വളർന്നു കഴിഞ്ഞു.
മൾട്ടി -സ്പെഷ്യാലിറ്റി ആശുപത്രികൾ, മെഡിക്കൽ സെന്ററുകൾ, ഫാർമസികൾ, ഒപ്റ്റിക്കൽ സെന്ററുകൾ എന്നിവയടങ്ങുന്ന 50-ലധികം കേന്ദ്രങ്ങളിലൂടെ പ്രതിവർഷം ലക്ഷകണക്കിന് രോഗികൾക്കാണ് അബീർ ഗ്രൂപ്പ് സേവനം എത്തിക്കുന്നത്. ഫോർബ്സിന്റെ അംഗീകാരം ഞങ്ങളുടെ മുഴുവൻ ടീമിന്റെയും പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ആലുങ്ങൽ മുഹമ്മദ് പ്രതികരിച്ചു. ഗുണനിലവാരമുള്ള ചികിത്സ എല്ലാവരിലേക്കും എളുപ്പത്തിലും കുറഞ്ഞ ചെലവിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് അബീർ മെഡിക്കൽ ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. പ്രവാസി സമൂഹത്തിനും പ്രാദേശിക ജനവിഭാഗങ്ങൾക്കും ഒരുപോലെ ആശ്വാസമേകുന്ന ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ഈ അംഗീകാരം മിഡിൽ ഈസ്റ്റിലെ ആരോഗ്യ പരിപാലന മേഖലയിൽ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളി സംരംഭകരുടെ മേൽവിലാസത്തെ വീണ്ടും ഉയരങ്ങളിലെത്തിക്കുകയാണ്.
ആരോഗ്യമേഖലക്ക് പുറമെ മാധ്യമ, വിദ്യാഭ്യാസ രംഗങ്ങളിലും സജീവസാന്നിധ്യമായ ആലുങ്ങൽ മുഹമ്മദിന് ലഭിച്ച ഈ ഫോബ്സ് അംഗീകാരം ആഗോള പ്രവാസി സമൂഹത്തിനും വലിയ അഭിമാന നിമിഷമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

